Thursday, March 28, 2024
HomeNationalരാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും മുന്നറിയിപ്പുമായി നരേന്ദ്രമോദി

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും മുന്നറിയിപ്പുമായി നരേന്ദ്രമോദി

തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിപരമായി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിധിവിട്ടാല്‍ ഇരുവരും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് മോദി മുന്നറിയിപ്പ് നല്‍കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹുബ്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ദേഷ്യം പ്രകടിപ്പിച്ചത്. ഇരുവരുടെയും പേര് പറയുന്നതിന് പകരം കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും എന്നാണ് മോദി പരാമര്‍ശിച്ചത്. ഹുബ്ലിയില്‍ നിന്നുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരോട് ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്. യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി വ്യക്തമാക്കി.  താനൊരിക്കലും പരിധിവിട്ട് സംസാരിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ നിങ്ങള്‍ പൊതുസ്ഥലത്ത് പരിധിവിട്ട് സംസാരിക്കുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസിലെ അമ്മയും മകനും കോടതിയില്‍ നിന്ന് ജാമ്യമെടുത്തതെന്ന് വിശദമാക്കണം. എന്ത് കാര്യത്തിനാണ് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണം, നിങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വിശദമാക്കണം – മോദി ആവശ്യപ്പെട്ടു. 5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസ് വ്യംഗ്യമായി പരമാര്‍ശിക്കുകയായിരുന്നു മോദി. കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പട്യാല ഹൗസ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരിക്കുകയാണ്. ഇക്കാര്യമാണ് തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തുനടക്കുന്നവരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തികഞ്ഞ ശ്രദ്ധയോടെ ഇനി പറയുന്നത് കേള്‍ക്കണം. നിങ്ങള്‍ പരിധിവിടാനാണ് ശ്രമിക്കുന്നതെങ്കില്‍ ഓര്‍ത്തുകൊള്‍ക ഇത് മോദിയാണ്, നിങ്ങളിതിന് വലിയ വിലകൊടുക്കേണ്ടിവരും മോദി പറഞ്ഞു.  ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് മോദി നടത്തിയത്. ഓരോ വാക്കും അനുകൂലികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതേസമയം ഇതാദ്യമായാണ് മോദി തനിക്കെതിരായ ആരോപണങ്ങളോട് അതി ശക്തമായി പ്രതികരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments