പമ്പാ സംഗമം നാളെ ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

മണ്ഡല മകരവിളക്കുകാലത്ത് തിരുവനന്തപുരം ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പമ്പാസംഗമം നാളെയും മറ്റന്നാളും (ജനുവരി എട്ട്, ഒന്‍പത്) നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ പമ്പാ രാമമൂര്‍ത്തി മണ്ഡപത്തിലാണ് സംഗമം. എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമ്മേളനം ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ അന്റണി എം.പി, രാജു എബ്രഹാം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് നടക്കുന്ന അയ്യപ്പഭക്തസംഗമത്തില്‍ ഡോ.എം.ജി. ശശിഭൂഷണ്‍ ശബരിമല തീര്‍ത്ഥാടന സാക്ഷാത്ക്കാരം എന്ന വിഷയം അവതരിപ്പിക്കും. അഖിലഭാരത അയ്യപ്പസേവാ സംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ ഡോ.ജെ.പ്ര മീളാദേവി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മുഖ്യാതിഥിയായിരിക്കും. കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡി.കെ. ശിവകുമാര്‍, ആന്ധ്രപ്രദേശ് എന്‍ഡോവ്‌മെന്റ ്‌വകുപ്പ് മന്ത്രി മാണികല്യ റാവൂ, തെലുങ്കാന നിയമ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി എ.ഇന്ദ്രകരണ്‍ റെഡ്ഡി, കര്‍ണ്ണാടക റിലീജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി രുദ്രപ്പ മാനപ്പ ലാമണി, കേരള വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു, വി.എസ്. ശിവകുമാര്‍ എ.എല്‍.എ, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, റവന്യൂ(ദേവസ്വം) സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്‍, ചീഫ് എഞ്ചിനീയര്‍ വി.ശങ്കരന്‍ പോറ്റി എന്നിവര്‍ പങ്കെടുക്കും. ഈ മണ്ഡലക്കാലത്ത് ഇതുവരെ 17 കോടി രൂപ കാണിയ്ക്കയായി ലഭിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 50 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് ക്യൂ കുറച്ച് ദര്‍ശനം എളുപ്പമാക്കുവാന്‍ ദര്‍ശനസമയത്തില്‍ അഞ്ച് മണിക്കൂര്‍വരെ വര്‍ദ്ധന വരുത്തി. 2000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിന് അന്നദാന മണ്ഡപം സജ്ജീകരിച്ചു. ദിവസേന നാല് ലക്ഷം ലിറ്റര്‍ ശുദ്ധ ജലം 250 പൈപ്പുകള്‍ വഴി ഭക്തര്‍ക്ക് എത്തിച്ചതായും പ്ലാസ്റ്റിക് മുക്ത ശബരിമല യാഥാര്‍ത്ഥ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിനോടൊപ്പം എല്ലാ വകുപ്പുകളും കൂട്ടായി പ്രവര്‍ത്തിച്ചുവെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.