ഇലന്തൂര്‍, പറക്കോട്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 10 ഗ്രാമപഞ്ചായത്തുകളിൽ കേന്ദ്ര നിരീക്ഷകരുടെ പരിശോധന

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടപ്പു വര്‍ഷത്തെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയ നിരീക്ഷകര്‍ ജില്ലയില്‍ പരിശോധന തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാധാരണ പരിശോധനയുടെ ഭാഗമായാണ് ഒന്‍പതോളം കേന്ദ്ര പദ്ധതികളുടെ നിര്‍വഹണ പുരോഗതി സംഘം വിലയിരുത്തുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സന്‍സദ് ആദര്‍ശ് ഗ്രാമ യോജന(സാഗി), പ്രധാനമന്ത്രി ഗ്രാമസഡക് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, ഉപജീവന മിഷന്‍, ദേശീയ സാമൂഹിക സഹായ പദ്ധതി, ദേശീയ ഭൂമി ഡിജിറ്റലൈസേഷന്‍ പരിപാടി തുടങ്ങിയ പദ്ധതികളാണ് സംഘം വിലയിരുത്തുന്നത്. ഇലന്തൂര്‍, പറക്കോട്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 10 ഗ്രാമപഞ്ചായത്തുകളിലാണ് പരിശോധന നടത്തുന്നത്. ഇലന്തൂര്‍ ബ്ലോക്കിലെ ഇലന്തൂര്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ പരിശോധന പൂര്‍ത്തിയായി. ഓമല്ലൂര്‍, കൊടുമണ്‍, പള്ളിക്കല്‍, കടമ്പനാട്, നാറാണംമൂഴി, സീതത്തോട്, റാന്നി പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളിലാണ് പരിശോധന പൂര്‍ത്തിയാക്കാനുള്ളത്. 13ന് പരിശോധന പൂര്‍ത്തിയാക്കും. രേഖകളുടെ പരിശോധന, ഫീല്‍ഡ് തല പരിശോധന എന്നിവയ്‌ക്കൊപ്പം ജനപ്രതിനിധികളുമായും പദ്ധതികളുടെ ഗുണഭോക്താക്കളുമായും ആശയവിനിമയം നടത്തിയാണ് ഓരോ പദ്ധതിയുടേയും പുരോഗതി വിവരം സംഘം ശേഖരിക്കുന്നത്. ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗമാണ് പരിശോധന നടപടികള്‍ ഏകോപിപ്പിക്കുന്നത്. പദ്ധതി വിലയിരുത്തുന്നതിന്റെ മുന്നോടിയായി സംഘം ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍, കേന്ദ്രപദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഡോ.എ.മണി, ഡോ.പി.എ. സാം വെള്ളത്തുറൈ എന്നിവരാണ് നിരീക്ഷക സംഘത്തിലുള്ളത്.