Thursday, April 25, 2024
HomeKeralaസംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും.

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടിൽ മഹേഷിന്‍റെ പ്രതികാരം, അയാൾ ശശി, മാൻ ഹോൾ, കാട് പൂക്കുന്ന നേരം തുടങ്ങി പത്തോളം ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

മത്സരവിഭാഗത്തിലേക്കെത്തിയ 68സിനിമകളിൽ നിന്നാണ് 10 ചിത്രങ്ങളെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ ഏ.കെ ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നേയും , വിധു വിൻസെന്‍റിന്‍റെ മാൻഹോൾ, ഡോ ബിജുവിന്‍റെ കാടുപൂക്കുന്ന നേരം, സജിൻ ബാബുവിന്‍റെ അയാൾ ശശി, സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതൻ, ദിലീഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരം തുടങ്ങിയവയാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്.

ഗപ്പി, കിസ്മത്ത്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയവയും പട്ടികയിലുണ്ട്. ഇരുപത്തിയൊന്നാമത് അന്താരാഷ്‍‍‍ട്ര ചലച്ചിത്രമേളിയിൽ മികച്ച നവാഗത സംവിധാനത്തിനും മികച്ച മലയാള സിനിമയ്‍‍‍ക്കുള്ള ഫ്രിപ്രസി പുരസ്ക്കാരവും നേടിയ മാൻഹോൾ മികച്ച സംവിധാനത്തിനുള്ള പുരസ്ക്കാരം നേടിയെടുത്തേക്കുമെന്നാണ് സൂചന.

മാവോയിസവും അധികാര വർഗ്ഗവും തമ്മിലുളള ഏറ്‍റുമുട്ടൽ പ്രമേയമായ കാടുപൂക്കുന്ന നേരം ഇതിനകം നിരവധി അന്താരാഷ്‍‍‍ട്ര ചലച്ചിത്രമേളകളിൽ പുരസ്‍ക്കാരങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയെടുക്കാത്ത അ‍ടൂരിന്‍റെ പിന്നേയും സംവിധായകന്‍റെ ഗതകാലപ്രൗഢികൊണ്ട് മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചതെന്ന വിമർശനവുമുണ്ട്.

പുലിമുരുകൻ,മഹേഷിന്‍റെ പ്രതികാരം,ജോമോന്‍റെ സുവിശേഷം, കമ്മട്ടിപ്പാടം തുടങ്ങിയവ ജനപ്രീതിയിലും കലാമേന്മയിലും മുൻനിരയിലുണ്ട്. കമ്മട്ടിപ്പാടത്തെ മികച്ച അഭിനയത്തിന് വിനായകന് ഏറെ സാധ്യത കൽപിക്കപ്പെടുന്നുണ്ട്. മോഹൻലാലിന്‍റെ മൂന്ന് ചിത്രങ്ങൾ മത്സര രംഗത്തുള്ളപ്പോൾ വൈറ്റ് മാത്രമാണ് മമ്മൂട്ടിയുടെ ഏക ചിത്രമായി ഇടം നേടിയത്.

കാവ്യാമാധവനും റീമകല്ലിങ്കലിനും പിന്നേയും, കാടുപൂക്കുന്ന നേരവും പ്രതീക്ഷ നൽകുന്നു.. അവിചാരിതമായി ചില പേരുകളും ഉയർന്നുവന്നേക്കാം. കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആന്‍റ് വീഡിയോപാർക്കിൽ കഴിഞ്ഞമാസം 21മുതലാണ് ജൂറി സിനിമകളെ വിലയിരുത്തിയത്. മൂന്ന് ഗ്രൂപ്പുകളായാണ് അംഗങ്ങൾ സിനിമകൾ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ ,തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്, നടി ശാന്തികൃഷ്ണ, ഗായകൻ വിടി മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ,നിരൂപക ഡോ മീന പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറി അംഗങ്ങൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments