Friday, March 29, 2024
HomeKeralaമന്ത്രി തോമസ് ചാണ്ടിയുടെ മുൻപിൽ ഒറ്റ വഴി , രാജി

മന്ത്രി തോമസ് ചാണ്ടിയുടെ മുൻപിൽ ഒറ്റ വഴി , രാജി

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി അനുപമ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുന്ന 20 പേജുള്ള അന്തിമ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം, പാര്‍ക്കിങ് സ്ഥലനിര്‍മാണം, കല്‍ക്കെട്ട് നിര്‍മാണം എന്നിവയെ കുറിച്ച് പ്രത്യേക തലക്കെട്ടുകളോടെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കൂടി പുറത്തായതോടെ തോമസ് ചാണ്ടി സംരക്ഷണമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വലിയകുളം മുതല്‍ സീറോ ജെട്ടി റോഡിന് പിന്നില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന ഈ റോഡ് നിര്‍മ്മിച്ച ഘട്ടത്തില്‍ സംസ്ഥാനതല നീരീക്ഷണ സമിതിയുടെ അനുമതി തേടിയിരുന്നില്ല. റോഡ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തു. ഇതില്‍ സംശയം നിലനില്‍ക്കുന്നു. 2.8 മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിലൂടെ റോഡ് നിര്‍മ്മിക്കാനായിരുന്നു ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാല്‍ നിര്‍വഹണ സമിതി സമര്‍പ്പിച്ച ബില്ലുകളില്‍ റോഡിന്റെ വീതി 3.5മുതല്‍ നാല് മീറ്റര്‍ വരെയായി കാണപ്പെട്ടു.
ആദ്യ 250 മീറ്ററില്‍ റോഡിന്റെ പ്രയോജനം മന്ത്രിയുടെ റിസോര്‍ട്ടിനു മാത്രമാണെന്നും കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. .നിര്‍വഹണോദ്യോഗസ്ഥനായ ആര്യാട് ബ്ലോക്ക് ഡവലപ്മന്റ് ഓഫീസര്‍ വസ്തുതകള്‍ തീര്‍ത്തും പരിശോധിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതിനാലും സംസ്ഥാന സമിതി അംഗീകാരം വാങ്ങാത്തതിനാലും ഈ അധിക നികത്തിന് സാധൂകരണം നല്‍കണോയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്. പാടശേഖരസമിതി കൃഷി ഭൂമിയുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ലേക്ക് പാലസിന് മുന്നില്‍ പാര്‍ക്കിംഗിനായും അപ്രോച്ച് റോഡിനായും നിലം നികത്തിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭുമി കമ്പനിയുടേതല്ലെന്ന വാദമായിരുന്ന ഹിയറിംഗ് സമയത്ത് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഇവിടെ നിലം നികത്തിയതെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിക്കുന്നു.
ഈ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണെങ്കിലും ഇത് കൈകാര്യം ചെയ്യുന്നതും ഇവിടെ നിര്‍മ്മാണം നടത്തിയതും കമ്പനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഇവിടെ നിലം നികത്തലിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ക്കായിരുന്നു. ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് അതുമായി ബന്ധപ്പെട്ട നടപടി ഘട്ടങ്ങളില്‍ വില്ലേജ് ഓഫീസര്‍, കലക്ടര്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഒരിടത്തും കമ്പനി പറഞ്ഞിട്ടില്ല. സ്ഥലം ഉടമയായ ലീലാമ്മ ഈശോക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തി. 323 മീറ്റര്‍ നീളത്തിലും 4.6 മുതല്‍ 12.5 മീറ്റര്‍ വരെ വീതിയിലും സ്ഥലം നിരപ്പാക്കി പാര്‍ക്കിംഗ് ഏരിയക്കായി മാറ്റി. ഇവിടെ ഗേറ്റ് വച്ച് കാവല്‍ക്കാരനെ നിയോഗിച്ച് സ്വകാര്യ സ്ഥലമായി റിസോര്‍ട്ടിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപയോഗിക്കുകയാണ്.
ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയ ശേഷം കളക്ടറുടെ അധികാരം ഉപയോഗിച്ച് അനധികൃതമായി നികത്തിയെടുത്ത പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കും. റിസോര്‍ട്ടിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുത്താല്‍ കോടതയലക്ഷ്യമാകുമെന്ന കമ്പനിയുടെ വാദവും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments