Saturday, April 20, 2024
Homeപ്രാദേശികംജില്ലാ കഥകളി മേളക്ക് തിരി തെളിഞ്ഞു

ജില്ലാ കഥകളി മേളക്ക് തിരി തെളിഞ്ഞു

പത്തനംതിട്ട : ശാസ്ത്രീയ കലകളിലേക്കും, നാടന്‍ കലകളിലേക്കും തുറക്കുന്ന വാതിലാണ് കഥകളി. കഥകളി ആസ്വാദനം സാദ്ധ്യമായാല്‍ പ്രാക്തനമായ കേരളീയ സംസ്‌കാരം നിലനിര്‍ത്താനാകും. കഥകളിയും കഥകളികലാകാരനും ആദരിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതൊരു നല്ല സൂചനയാണ്. അരങ്ങിലും പ്രേക്ഷഗൃഹത്തിലും വളര്‍ച്ചയുണ്ടങ്കിലേ കലയുടെ വളര്‍ച്ച പൂര്‍ത്തിയാകൂ. അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 11 – മത് കഥകളിമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടന്‍ നെടുമുടി വേണു. കലാരൂപങ്ങള്‍ ഗുരുമുഖത്തുനിന്നും തന്നെ പഠിക്കണമെന്നും പത്തനംതിട്ടജില്ലാകഥകളി ക്ലബ്ബിന്റെ കലാപരിശീലന കേന്ദ്രം ഒരു കലാശാലയായി വളരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷം വഹിച്ചു. 19 – മത് നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി നടന്‍ ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയ്ക്ക് നല്‍കി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച 101 ആട്ടക്കഥകള്‍ക്ക് സംശോധനവും വ്യാഖ്യാനവും നിര്‍വ്വഹിച്ച കഥകളി പണ്ഡിതന്‍ ഡോ. പി. വേണുഗോപാലിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ് സെക്രട്ടറി വിമല്‍രാജ് രചിച്ച കഥകളിയുടെ കഥകളും, തപാല്‍ വകുപ്പ് പ്രസിദ്ധീകരിച്ച കഥകളിമേള 2018 തപാല്‍ സ്റ്റാമ്പും പ്രകാശനം ചെയ്തത് പി. എസ്. നായര്‍, വി. എന്‍. ഉണ്ണി എന്നിവര്‍ ഏറ്റുവാങ്ങി. ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, ഡോ. പി. വേണുഗോപാല്‍, റ്റി. ആര്‍. ഹരികൃഷ്ണന്‍, ഡോ. ബി. ഉദയനന്‍, എം. എ. കബീര്‍, ജി. ജയറാം എന്നിവര്‍ പ്രസംഗിച്ചു. രാജീവ് മഠത്തില്‍ നയിച്ച വഞ്ചിപ്പാട്ടിന്റെയും അയിരൂര്‍ നാട്യഭാരതിയിലെ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടിയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. എത്രനാളുണ്ടു ഞാന്‍ കാണാഞ്ഞിട്ടു ചിത്തേ കൊതിക്കുന്നു എന്ന കുചേലവൃത്തം വഞ്ചിപ്പാട്ട് ആറന്മുളശൈലിയില്‍ പാടിയപ്പോള്‍ ഏറെ നാളുകളായി കഥകളിമേളയില്‍ നെടുമുടിവേണുവിന്റെ സാന്നിദ്ധ്യം ആഗ്രഹിച്ച സംഘാടകരുടെ ആത്മസംതൃപ്തിയും കൂടിയാണ് പ്രതിഫലിച്ചത്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യംകൊണ്ടു ശ്രദ്ധേയമായ ആസ്വാദനകളരിയില്‍ നളചരിതത്തിലെ കേശിനീമൊഴി, പ്രലോഭനം എന്നീ പാഠഭാഗങ്ങള്‍ അരങ്ങിലെത്തി. മുഖത്തുതേപ്പ്, ചുട്ടി, കഥകളിക്കോപ്പുകള്‍ എന്നിവ പരിചയപ്പെടുവാനും അടുത്തറിയുവാനുമുള്ള അണിയറക്കാഴ്ചകളും മേളയോടനുബന്ധിച്ച് ഇക്കുറി ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments