Saturday, April 20, 2024
HomeInternationalഅമേരിക്കയിൽ ഏറ്റവും കൂടുതലാളുകൾ ഇന്റർനെറ്റിൽ അന്വേഷിച്ചത് എന്ത്?

അമേരിക്കയിൽ ഏറ്റവും കൂടുതലാളുകൾ ഇന്റർനെറ്റിൽ അന്വേഷിച്ചത് എന്ത്?

അമേരിക്കയിൽ കഴിഞ്ഞ വർഷം കൂടുതൽ പേർ ഇന്റർനെറ്റിൽ അന്വേഷിച്ച വാക്കുകളും വിഷയങ്ങളും ട്രൻഡുകളും സിനിമകളും മറ്റു വിനോദ പരിപാടികളുമൊക്കെ ഗൂഗിൾ പുറത്തു വിട്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇവിടെ നിന്നും തിരഞ്ഞത് ഇർമാ കൊടുങ്കാറ്റിന്റെ വിശേഷങ്ങളാണ്. രണ്ടാമത്, മാറ്റ് ലോർ എന്ന ടിവി ജേർണലിസ്റ്റിനെക്കുറിച്ച് അറിയാനാണ് അമേരിക്കയിലുള്ളവർ താൽപര്യം കാണിച്ചത്. ആരാണ് ഈ മാറ്റ് എന്നാണെങ്കിൽ ദി ടുഡേ ഷോ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകനാണ് ഈ അൻപത്തൊമ്പതുകാരൻ. വിവിധ ഒളിംപിക്സ് ഷോകൾ, താങ്ക്സ് ഗീവിങ് ഡേ പരേഡ് ഒക്കെ അവതരിപ്പിച്ച ഈ ബഹുമുഖ താരം പക്ഷേ കഴിഞ്ഞവർഷം വാർത്തയിൽ നിറഞ്ഞത് അതുകൊണ്ടൊന്നുമല്ല. വർഷങ്ങളോളം എൻബിസി എന്ന ചാനലിന്റെ മുഖകേന്ദ്രമായിരുന്നു മാറ്റിനെ ചാനൽ ഉപേക്ഷിച്ചു. അതും സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് 2017 നവംബറിലായിരുന്നു ഈ സംഭവം. സംഗതി സത്യമാണെന്ന് മാറ്റ് തന്നെ വെളിപ്പെടുത്തിയതോടെ കഴിഞ്ഞ വർഷം അമേരിക്കക്കാർ ഏറ്റവും കൂടുതൽ അന്വേഷിച്ച വ്യക്തികളുടെ പട്ടികയിൽ മാറ്റും കയറിക്കൂടി.

പട്ടികയിൽ മൂന്നാമത് എത്തിയത് ഗായകൻ ടോം പെറ്റിയാണ്. ഫ്ലോറിഡക്കാര നായ ടോം ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അന്തരിച്ചത്. ടോം പെറ്റി ആൻഡ് ദി ഹാർട്ട് ബ്രേക്കേഴ്സ്, ട്രാവലിങ് വിൽബറീസ് എന്നീ ട്രൂപ്പുകളിലെ മുഖ്യഗായകനായിരുന്നു അദ്ദേഹം. 80 മില്യൺ റെക്കോർഡ്സ് ലോകമാകമാനം വിറ്റഴിച്ചതിന്റെ റെക്കോഡ് നേടിയ അദ്ദേഹം ചാർലി വിൽബറി ജൂനിയർ, മഡി വിൽബറി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. എക്കാലത്തെയും പോലെ അമേരിക്കൻ കായിക പ്രേമികളെ മുൾമുനയിൽ നിർത്തുന്ന സൂപ്പർ ബോളിനെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. പട്ടികയിൽ നാലാ സ്ഥാനത്ത് : ഹൂസ്റ്റണിൽ നടന്ന സൂപ്പർ ബോളിലെ കോടികളുടെ കിലുക്കം ഇന്റർ നെറ്റിലും കാര്യമായി പ്രതിഫലിച്ചു. ഈ വർഷം മിനിയാപോലീസിലാണ് മത്സരം. അഞ്ചാം സ്ഥാനത്ത് എത്തിയതാവട്ടെ. അമേരിക്കയെ പിടിച്ചുലച്ച ലാസ് വേഗാസ് വെടിവയ്പ്പാണ്. നെവാദയിലെ ലാസ് വേഗാസ് സ്ട്രിപ്പിൽ നടന്ന വെടിവെപ്പിൽ 58 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 546 പേർക്ക് പരിക്കേറ്റു. 1,100 റൗണ്ടുകളാണ് അക്രമിയായ സ്റ്റീഫൻ പഡോക്ക് വെടിയുതിർത്തത്. മാൻഡലേ ഹോട്ടലിന്റെ മുപ്പത്തിരണ്ടാം നിലയിൽ നിന്നും നടത്തിയ ഈ വെടിവയ്പ്പിന്റെ ഉദ്ദേശം ഇന്നും അജ്ഞാതം.മേയ് വെതർ ജൂണിയറും കോണർ മക്ഗ്രിഗറും തമ്മിലുള്ള പ്രൊഫഷണൽ ബോക്സിങ് മത്സരമാണ് പട്ടികയിൽ ആറാം സ്ഥാനത്ത്. നെവാദയിലെ പാരഡൈസിൽ നടന്ന മത്സരം ദി മണി ഫൈറ്റ് എന്ന പേരിലാണ് അറിയപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നായിരുന്നു ഇത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള മത്സരമായിരുന്നു ഇത്. മെയ് വെതറിന് 300,000,000 ഡോളർ കിട്ടിയപ്പോൾ മക്ഗ്രിഗറിനു സ്വന്തമാക്കാനായത് 100,000,000 ഡോളറായിരുന്നു. ഓഗസ്റ്റ് 21 ന് നടന്ന സൂര്യഗ്രഹണമായിരുന്നു മറ്റൊരു സുപ്രധാന സംഭവമായതും കൂടുതലാളുകൾ അന്വേഷിച്ചതും. ഈ സൂര്യഗ്രഹണം ഏതാണ്ട് 113 കിലോമീറ്ററോളം (70 മൈൽ) ദൃശ്യമായി എന്നതു തന്നെ വലിയകാര്യം.

1979 നുശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ സുദീർഘമായ സൂര്യഗ്രഹണം അമേരിക്കയിൽ കാണാനായതും. (അലാസ്കയിൽ 1990 ലും ഹവായിയിൽ 1991 ലും ദൃശ്യമായെങ്കിലും അത് വളരെ ചെറിയ തോതിലായിരുന്നു.) സിഎൻഎൻ നടത്തിയ കണക്കുകൾ പ്രകാരം അമേരിക്കൻ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേർ നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം എന്ന പേരിലുള്ള ഈ പ്രകൃതിദൃശ്യം സുരക്ഷ കണ്ണട വച്ച് ആസ്വദിച്ചത്രേ. എട്ടാം സ്ഥാനത്താണ് ഹാർവി കൊടുങ്കാറ്റ് എത്തിയത്. 200 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയ ഈ കൊടുങ്കാറ്റ് വിൽമ(2005) കൊടുങ്കാറ്റിനുശേഷം വിനാശകരമായി മാറിയ മറ്റൊരു പ്രകൃതിക്ഷോഭ മായിരുന്നു. 12 വർഷത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ കാറ്റ് അമേരിക്കയെ വിറപ്പിച്ചത്. ഇവിടെ മാത്രം 90 മരണങ്ങൾ സംഭവിച്ചു. ഓഗസ്റ്റ് 24–25 തീയതികളിൽ ടെക്സസിനെ കടപുഴക്കിയ ഈ കാറ്റിന്റെ ഗതിവിഗതികളും വിശേഷങ്ങളും അറിയാനാണ് കൂടുതൽ പേരും ഗൂഗിളിൽ തെരഞ്ഞത്. പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ആരോൺ ഹെർണാണ്ടസാണ്. അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമംഗമായ ആരോണിന്റെ സംഭവ ബഹുലമായ ജീവിതത്തെക്കുറിച്ച് അറിയാനാണ് കൂടുതൽ പേരും ഗൂഗിളിൽ എത്തിയത്.

ഒഡിൻ ലോയ്ഡിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത ആരോൺ ഏപ്രിൽ 19 ന് സെല്ലിൽ ആത്മഹത്യ ചെയ്തു. പട്ടികയിൽ പത്താം സ്ഥാനത്തെത്തിയത് ഫിഡ്ജറ്റ് സ്പിന്നർ എന്ന പമ്പരമാണ്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി കണ്ടെത്തിയ ഈ പമ്പരം കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചിരുന്നുവത്രേ. ഇന്ന് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കളിപ്പാട്ടമാണ് ഫിഡ്ജറ്റ് സ്പിന്നർ. ആഗോളതലത്തിൽ കൂടുതൽ പേരും തിരഞ്ഞതിൽ ഒന്നാമതെത്തിയത് ഇർമ കൊടുങ്കാറ്റാണ്. ഐഫോൺ 8 രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഐഫോൺ എക്സ് മൂന്നാം സ്ഥാനത്തെത്തി. മാറ്റ് ലോർ നാലാമതും ബ്രിട്ടീഷ് രാജകുമാരൻ പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധുവും അമേരിക്കൻ നടിയും മനുഷ്യാവകാശ പ്രവർത്തകയുമായി മേഗൻ മാർക്കിൾ അഞ്ചാമതും എത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments