Friday, March 29, 2024
HomeKeralaപി.സി.വിഷ്ണുനാഥ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ട്

പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ട്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.സി.വിഷ്ണുനാഥ് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വത്തിനു ഹൈക്കമാന്‍ഡ് അനുമതി കാക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് 24 കേരളയോട് പറഞ്ഞു. നിലവില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കുകളുമായി ബന്ധപ്പട്ട തിരക്കുകളിലാണ് വിഷ്ണുനാഥ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നതിന് വിഷ്ണുനാഥിനു തടസ്സമാകില്ലെന്നാണ് സൂചനകള്‍.

ഇത്തവണ ചെങ്ങന്നൂര്‍ സീറ്റ് യുഡിഎഫ് പിടിക്കും. കഴിഞ്ഞ തവണത്തെ പരാജയ കാരണങ്ങള്‍ ഒന്നും നിലവില്‍ യുഡിഎഫിനു മുന്നിലില്ല. യുഡിഎഫ് സീറ്റ് കൂടിയാണ് ചെങ്ങന്നൂര്‍. ഇവിടെ ഇത്തവണ പരാജയം സംഭവിക്കില്ല. ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിക്കും – വിഷ്ണുനാഥ് ചൂണ്ടിക്കാട്ടുന്നു.കെ.എം.മാണി യുഡിഎഫില്‍ ഇല്ലെങ്കിലും കേരളാ കോണ്‍ഗ്രസ് അനുഭാവികള്‍ യുഡിഎഫ് മനോഭാവം സൂക്ഷിക്കുന്നവരാണ്. അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കര്‍ണാടക തിരഞ്ഞെടുപ്പ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ തടസമായ കാര്യമല്ല. ഹൈക്കമാന്‍ഡ് അനുമതി നല്‍കേണ്ടതുണ്ട്- വിഷ്ണുനാഥ് പറയുന്നു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരാത്ത സാഹചര്യത്തില്‍ നോമിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടിയും തുടങ്ങിയിട്ടില്ല. ചെങ്ങന്നൂരില്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും വിഷ്ണുനാഥ് തള്ളിക്കളഞ്ഞു. ചില തത്പ്പര കക്ഷികള്‍ എനിക്കെതിരെ ചെങ്ങന്നൂരില്‍ പ്രചാരണം നടത്തുന്നുണ്ട് എന്ന് എനിക്കറിയാം.

സ്ഥാനാര്‍ത്ഥി മോഹവുമായി നടക്കുന്ന ഒട്ടനവധി ആളുകളുണ്ട്. അതുകൊണ്ട് തന്നെ അപവാദപ്രചാരണത്തില്‍ ചിലര്‍ ഏര്‍പ്പെടുന്നുണ്ട്. ഇവരാണ് ചെങ്ങന്നൂരില്‍ താന്‍ സജീവമല്ലെന്ന ആരോപണം ഉയര്‍ത്തുന്നത്. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ചെങ്ങന്നൂരുമായുള്ള ബന്ധത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് പരിപാടികളിലും മറ്റു പരിപാടികളിലും സജീവസാന്നിധ്യമായി ഞാന്‍
ചെങ്ങന്നൂരില്‍ തന്നെയുണ്ട്‌-വിഷ്ണുനാഥ് പറയുന്നു.

കഴിഞ്ഞ തവണ വിഷ്ണുനാഥ് പരാജയം രുചിക്കാന്‍ കാരണം ചെങ്ങന്നൂരിലെ റിബല്‍ സ്ഥാനാര്‍ത്ഥിത്വവും പിന്നെ ബിജെപിയുടെ മുന്നേറ്റവുമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഈ രണ്ടു ഘടകങ്ങളും ഇത്തവണ ചെങ്ങന്നൂരില്‍ ദൃശ്യമല്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ബിജെപി പിടിച്ച വോട്ടുകള്‍ ഇത്തവണ അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിഡിജെഎസ് ബിജെപിയുടെ കൂടെ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരുന്ന മോദി പ്രഭാവവും ഇത്തവണയില്ല. ഇതു രണ്ടും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന് അനുകൂല ഘടകമാണ്. ഇതേ കാര്യങ്ങള്‍ തന്നെയാണ് വിഷ്ണുനാഥും വിലയിരുത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍പിള്ള ചെങ്ങന്നൂര്‍ സ്വദേശി ആയതിനാല്‍ കൂടുതല്‍ വോട്ടുകള്‍ അന്ന് ശ്രീധരന്‍ പിള്ളയ്ക്ക് നേടാന്‍ കഴിഞ്ഞു. കുറച്ച് എന്‍എസ്എസ് വോട്ടുകളും പിള്ളയ്ക്ക് ലഭിച്ചു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments