ജിഎസ്ടി; ഇളവുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ പുതുതായി പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും മുഖ്യമായും ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. ഗുജറാത്തിലെ വസ്ത്രനിര്‍മാണ- വ്യാപാര- കയറ്റുമതി മേഖലകളിലും ആഭരണനിര്‍മാണ- വ്യാപാരരംഗത്തും ജിഎസ്ടി വരുത്തിയ കെടുതികള്‍ ബിജെപിയെ രാഷ്ട്രീയമായി തളര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ ബിജെപി സംസ്ഥാനത്ത് നടത്തുന്ന ഗൌരവ് യാത്രകളോട് വ്യാപാരികളും ഇതര ജനവിഭാഗങ്ങളും പുറംതിരിഞ്ഞുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വംകൂടി ഇടപെട്ടാണ് ജിഎസ്ടി നിരക്കുകളില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്.

ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയശേഷം സൂറത്തിലെ നെയ്ത്ത്- വസ്ത്ര നിര്‍മാണമേഖലയില്‍ പ്രതിദിനം 1.25 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ജിഎസ്ടിവിരുദ്ധ സമരസമിതി അധ്യക്ഷന്‍ തര്‍ചന്ദ് കസത് പറഞ്ഞു. കൈത്തറി വ്യവസായമേഖലയില്‍ നഷ്ടം ഭീമമാണ്. പതിനായിരക്കണക്കിനുപേര്‍ തൊഴില്‍രഹിതരായി. കൈകൊണ്ട് നെയ്തെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചായി കുറച്ചിട്ടുണ്ട്.

കയറ്റുമതിക്കാര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഗുജറാത്തിനെ ഉദ്ദേശിച്ചാണ്. രാജ്യത്തുനിന്നുള്ള വസ്ത്രകയറ്റുമതിയില്‍ 12 ശതമാനവും ഗുജറാത്തിന്റെ സംഭാവനയാണ്. വജ്രാഭരണങ്ങള്‍, രത്നം എന്നിവയുടെ കയറ്റുമതിയില്‍ 90 ശതമാനവും ഗുജറാത്തില്‍നിന്നാണ്. ജിഎസ്ടി ഈ മേഖലകള്‍ക്കും വന്‍തിരിച്ചടിയായി. നം കീന്‍ പോലുള്ള പാക്കറ്റിലാക്കിയ ലഘുഭക്ഷണങ്ങള്‍ക്കും നികുതി കുറച്ചത് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനരോഷം കണക്കിലെടുത്താണ്. എന്നാല്‍, ജിഎസ്ടി അശാസ്ത്രീയമായി നടപ്പാക്കിയതിനെതുടര്‍ന്നുണ്ടായ കെടുതികള്‍ പരിഹരിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരിക്കുകയാണെന്നും എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അര്‍ഥപൂര്‍ണമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പിടിപ്പുകെട്ട സര്‍ക്കാരിന് ജിഎസ്ടി സൃഷ്ടിക്കാന്‍ പോകുന്ന കുഴപ്പങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും സാധാരണക്കാരുടെ ദുരിതം അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

ജിഎസ്ടി നടപ്പാക്കിയതിലെ ഘടനാപരമായ പ്രശ്നങ്ങള്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. സര്‍ക്കാരിന്റെ അഹന്തയാണ് കാര്യങ്ങള്‍ വഷളാക്കിയത്. ലളിതമായി നടപ്പാക്കേണ്ട ഏകീകൃത നികുതിഘടന സര്‍ക്കാര്‍ സങ്കീര്‍ണവും ആശയക്കുഴപ്പം നിറഞ്ഞതുമാക്കിയെന്ന് സുര്‍ജെവാല പറഞ്ഞു.