Wednesday, April 24, 2024
HomeKeralaകേന്ദ്ര ഉത്തരവ്; അനാഥാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കേന്ദ്ര ഉത്തരവ്; അനാഥാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുകൂടി റജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പുതിയ ഉത്തരവുപ്രകാരം റജിസ്‌ട്രേഷന്‍ നടത്തേണ്ടിവന്നാല്‍ ഭൂരിപക്ഷം അനാഥാലയങ്ങള്‍ക്കും അംഗീകാരം നഷ്ടപ്പെടും. ഉത്തരവ് വന്നതിന് ശേഷം കേരളത്തിലെ 100ലധികം ഓര്‍ഫനേജുകള്‍ ഇതിനോടകം അടച്ചുപൂട്ടി. അട്ടപ്പാടിയില്‍ മാത്രം ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്.

സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ റജിസ്റ്റര്‍ ചെയ്ത 1195 അനാഥാലയങ്ങളിലായി അഗതികളും ദരിദ്രരുമായ 52,000 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉത്തരവ് കാരണം വലിയ പ്രതിസന്ധി നേരിടുകയാണ്. ജുവനൈല്‍ ആന്‍ഡ് ജസ്റ്റിസ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്താല്‍ ആക്ട് അനുശാസിക്കുന്ന സൗകര്യങ്ങള്‍ അനാഥാലയങ്ങളില്‍ ഒരുക്കണമെന്നതാണ് നിയമം. ഡോക്ടര്‍മാര്‍ മുതല്‍ യോഗ ട്രെയിനര്‍മാര്‍ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളില്‍ ഒരുക്കേണ്ടിവരും. ഇങ്ങനെയുള്ള ആഡംബര സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക അനാഥാലയങ്ങള്‍ക്കും കഴിയില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജുകളില്‍ പലതും സര്‍ക്കാരിന്റെ ഗ്രാന്റ് പോലും ലഭിക്കുന്നില്ലെന്നതാണ് സത്യം.

ഉത്തരവില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വന്‍ പിഴ ചുമത്താനും സ്ഥാപന മേധാവികള്‍ക്ക് കഠിന തടവ് നല്‍കാനും വ്യവസ്ഥയുണ്ട്. ബാലനീതി നിയമപ്രകാരം ദത്തെടുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവക്ക് അര്‍ഹതയുള്ള കുട്ടികളെ മാത്രമെ ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളു എന്നുള്ള നിര്‍ദേശങ്ങളും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ അനാഥരല്ല. ഭൂരിപക്ഷം കുട്ടികള്‍ക്കും അച്ഛനോ അമ്മയോ മറ്റ് ബന്ധുക്കളോ ഉള്ളവരാണ്. പഠനത്തിന് വേണ്ടിയാണ് കുട്ടികള്‍ താമസിച്ച് പഠിക്കുന്നതെന്നാണ് അനാഥാലയ നടത്തിപ്പുകാര്‍ പറയുന്നത്. ബാലനീതി നിയമത്തിന്റെ പേരില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ, അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.

കേന്ദ്ര ബാലനീതി ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള നിര്‍ദ്ദേശങ്ങള്‍ ലഘൂകരിക്കണമെന്നും കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് അനാഥാലയ നടത്തിപ്പുകാരുടെ ആവശ്യം. കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഓള്‍ കേരള ഓര്‍ഫനേജ് അസോസിയേഷന്‍ ‘ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments