നെയ്റ്റ് ചുഴലിക്കാറ്റ് യുഎസ് തീരത്തെത്തി

കാറ്റഗറി ഒന്നിൽ പെ‌ടുന്ന നെയ്റ്റ് ചുഴലിക്കാറ്റ് യുഎസ് തീരത്തെത്തി. കാറ്റിനെ തുടർന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളിൽ കനത്ത പേമാരിയും മണ്ണിടിച്ചിലും തുടരുകയാണ്. നേരത്തെ മെക്സിക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 30 പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് മാസത്തിനിടെ യുഎസിൽ ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് നെയ്റ്റ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയാണ് ഇപ്പോൾ കാറ്റിന്റെ തീവ്രത. എപ്പോൾ വേണമെങ്കിലും കൂടുതൽ ശക്തി പ്രാപിക്കാൻ ശേഷിയുള്ള നെയ്റ്റ് മിസിസിപ്പി തീരങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങൾ തന്നെ വരുത്തിയേക്കും.
ഹാൻകോക് കൗണ്ടി, ന്യൂ ഓര്‍ലിയൻസിന്റെ വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഹാൻകോക്കിന്റെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആൾക്കാരെ മാറ്റി പാർപ്പിക്കുകയും പ്രദേശത്ത് കര്‍ഫ്യു ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലെ ഹൈവെ 90ലും കടൽ തീരത്തെ വിവിധ കാസിനോകളിലും വെള്ളം കയറിയ നിലയിലാണ്. നിരവധി ടൂറിസ്റ്റുകൾ പ്രദേശത്തെ റിസോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും അടിയന്തരാവസ്ഥ പുറപ്പെടുവിച്ചിട്ടുണ്ട്. അലബാമയിൽ വൈദ്യുതിയില്ലാതെ 5000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. മിസിസിപ്പി നദിയുടെ കിഴക്കൻ പ്രദേശം മുതൽ കിഴക്കൻ ടെന്നിസി വരെയുള്ള മേഖലകളിൽ ഏഴ് ഇഞ്ച് മുതൽ 15 ഇഞ്ച് വരെ മഴ പെയ്യും. ഇത് പത്ത് ഇഞ്ച് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മധ്യ യുഎസിലെ തുറമുഖങ്ങളെല്ലാം കാറ്റിനെ തുടർന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. എണ്ണ ഉത്പാദനം 92 ശതമാനവും പ്രകൃതി വാതകം 77 ശതമാനവും കുറച്ചിട്ടുണ്ട്. മ‌െക്സിക്കോയിലെ യുക്കാറ്റൻ മേഖലയിലെ റിസോർട്ടുകൾ കാറ്റിൽ പൂർണമായും തകർന്നു. നിക്കരാഗ്വയിൽ 16 ഉം കോസ്റ്ററിക്കയിൽ 10 ഉം ഹോണ്ടുറാസിലും എൽ സാൽവദോറിൽ രണ്ടും പേരാണ് ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത്.