Thursday, March 28, 2024
HomeNationalപുതിയ നോട്ടുകൾ വിവിധ വലുപ്പത്തിൽ; വലിയ അഴിമതിയെന്ന് കോൺഗ്രസ്

പുതിയ നോട്ടുകൾ വിവിധ വലുപ്പത്തിൽ; വലിയ അഴിമതിയെന്ന് കോൺഗ്രസ്

മോദി സർക്കാരിന്റെ കീഴിൽ റിസർവ് ബാങ്ക് പുതിയതായി ഇറക്കിയ 500, 2000 രൂപയുടെ നോട്ടുകൾ വിവിധ വലുപ്പത്തിലുള്ളതാണെന്ന ആരോപണവുമായി രാജ്യസഭയിൽ കോൺഗ്രസ്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടത്തിയതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. മോദിസർക്കാർ എന്തിനാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയതെന്ന് ഞങ്ങൾ വെളിപ്പെടുത്താൻ പോകുന്നുവെന്ന് പറഞ്ഞാണ് ആരോപണം ഉന്നയിച്ചത്. ആർബിഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിർമിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇതെങ്ങനെയാണ് സാധിക്കുകയെന്നും ചോദിച്ചു.

ഞങ്ങൾ ഒരിക്കലും ഇത്തരത്തിൽ നോട്ട് അച്ചടിച്ചിട്ടില്ല. ഇതിൽ ഒന്ന് പാർട്ടിക്കു വേണ്ടിയും മറ്റൊന്ന് ജനങ്ങൾക്കു വേണ്ടിയുമാണ്. 500, 2000 രൂപ നോട്ടുകളിലാണ് ഇത്തരം വിത്യാസമുള്ളത്. ഇതിനു പിന്നിൽ വലിയ കോഴയുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. കപിൽ സിബൽ നോട്ടുകളുടെ വ്യത്യാസം കാണിക്കുന്നതിനായി നോട്ടുകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പ്രതികരിച്ചു. വിഷയം ഉന്നയിക്കാൻ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ല. നോട്ടുകളെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമർശമാണ് പ്രതിപക്ഷം നടത്തുന്നത്. ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്‍ലി പ്രതികരിച്ചു. ഗുരുതരമായ വിഷയമാണ് കോൺഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രയ്ൻ പ്രതികരിച്ചു. പല വലുപ്പത്തിലുള്ള നോട്ടുകളാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവ് ശരദ് യാദവും കോൺഗ്രസിനെ പിന്തുണച്ചു. 500 രൂപയുടെ വിവിധ വലുപ്പത്തിലുള്ള‌ നോട്ടുകളുടെ ചിത്രം അദ്ദേഹവും ഉയർത്തിക്കാണിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments