കുട്ടികളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് റെയില്‍വേയ്ക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടി റെയില്‍വേ നിയമപ്രകാരമോ മറ്റ് ഏതെങ്കിലും നിയമപ്രകാരമോ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ റെയില്‍വേ പോലീസോ മറ്റ് പരിശോധകരോ കുട്ടികളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ നിയമലംഘനം നടത്തിയതായി ബോധ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികളെ റെയില്‍വേ കോടതികളില്‍ ഹാജരാക്കുകയോ റെയില്‍വേ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യരുതെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ നിര്‍ദ്ദേശിച്ചു. വൈകി സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ കയറുന്ന കുട്ടികളില്‍നിന്ന് റെയില്‍വേ പോലീസ് പിഴ ഈടാക്കുന്നെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കൈക്കൊണ്ട നടപടിയിലാണ് തീരുമാനം. 18 വയസ്സ് പൂര്‍ത്തിയാകാത്ത ഒരാള്‍ നിയമലംഘനം നടത്തിയാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ മാത്രമേ ഹാജരാക്കാവൂ. കുട്ടികളുമായി ബന്ധപ്പെട്ട ഏതു നിയമലംഘനത്തിനും 2015ലെ ബാലനീതിനിയമപ്രകാരമല്ലാതെ നടപടി സ്വീകരിക്കാന്‍ അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കാനും സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കാനും തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.