Friday, April 19, 2024
HomeInternationalഅതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും

അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും

കൊടുംശീതക്കാറ്റിനെത്തുടർ‌ന്ന് അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. ജനജീവിതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷകർ ‘ബോംബ് സൈക്ലോൺ’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോർത്തേൺ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കിഴക്കൻ അമേരിക്കയു‍െട മൂന്നിൽ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കൊടുംതണുപ്പു മൂലമുണ്ടാകുന്ന, ഫ്രോസ്റ്റ് ബൈറ്റ് എന്ന ശരീരവീക്കത്തെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊടുംശൈത്യത്തിൽ അമേരിക്കയിൽ ഇതുവരെ 19 പേർ മരിച്ചതായാണ് വിവരം. അമേരിക്കയുടെ കിഴക്കൻ തീരത്ത് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിനു വിമാന സർവീസുകളാണ് റദ്ദാക്കിയത്. ആയിരക്കണക്കിനു സർ‌വീസുകൾ വൈകുന്നുമുണ്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതൽ ബാധിച്ചത്. അതിശൈത്യം അടുത്തയാഴ്ചയും തുടരാൻ സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കാമെന്നും യുഎസ് നാഷനൽ വെതർ സർവീസ് മുന്നറിയപ്പു നൽകിയിട്ടുണ്ട്. കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോൺട്രിയൽ, ടൊറന്റോ വിമാനത്താവളങ്ങളിൽനിന്നുള്ള പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments