Friday, April 19, 2024
HomeKeralaആര്‍എസ്എസ് ആക്രമണത്തിനെതിരെ ഇന്ന് പ്രതിഷേധദിനം : കോടിയേരി

ആര്‍എസ്എസ് ആക്രമണത്തിനെതിരെ ഇന്ന് പ്രതിഷേധദിനം : കോടിയേരി

ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കയറി പാര്‍ടി ജനറല്‍ സെക്രട്ടറിക്കുനേരെ നടത്തിയ ആര്‍എസ്എസ് ആക്രമണം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം ഫാസിസ്റ്റ് നടപടികള്‍കൊണ്ട് സിപിഐ എമ്മിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ല. വ്യാഴാഴ്ച സംസ്ഥാനത്തെമ്പാടും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കണം. പ്രകോപനമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തില്‍പ്പെടാതെ സംയമനം പാലിച്ച് വന്‍ ജനപങ്കാളിത്തത്തോടെയുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കോടിയേരി ആഹ്വാനം ചെയ്തു.

സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ പരസ്യപ്രസ്താവനയെ തുടര്‍ന്ന് നടത്തിയ അക്രമം ആസൂത്രിതമാണ്. കേരള ഹൌസിനുമുന്നിലും എ കെ ജി ഭവനുനേരെയും അക്രമം നടത്താനിടയുണ്ടെന്ന് കേരള പൊലീസ് നല്‍കിയ മുന്നറിയിപ്പ് അവഗണിക്കുകയും അക്രമികള്‍ക്ക് സൌകര്യമൊരുക്കി കൊടുക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള ഡല്‍ഹി പൊലീസ് ചെയ്തത്.

പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ നടത്തിയ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ടിയുടെ കേന്ദ്ര ഓഫീസിനകത്തു കയറി അക്രമം നടത്തുന്നത്. കേരളത്തിലെ സിപിഐ എം നേതാക്കന്മാരെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് രണ്ടാഴ്ച മുമ്പേ യുവമോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നേതാക്കള്‍ പങ്കെടുത്തു എന്ന് വ്യക്തമായപ്പോള്‍ അരിശംതീര്‍ക്കാനാണ് എ കെ ജി ഭവനകത്തു കയറി യെച്ചൂരിയെ അക്രമിക്കാന്‍ ചിലരെ സംഘപരിവാര്‍ നിയോഗിച്ചത്. കേരളത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ നടത്തിയ അക്രമാസക്തമായ വാക്കുകള്‍ അക്രമികള്‍ക്കുള്ള സംരക്ഷണമൊരുക്കലായി.

എന്നാല്‍, അമിത് ഷായ്ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നതില്‍ കേരള പൊലീസ് ശ്രദ്ധിച്ചു. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസുപോലും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് സ്ഥാപിക്കാനും സിപിഐ എമ്മിനെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുമാണ് കേട്ടുകേഴ്വി ഇല്ലാത്ത ഈ നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാന രാഷ്ട്രീയ പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി കേന്ദ്ര ഭരണകക്ഷിയുടെ ആള്‍ക്കാര്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments