Friday, March 29, 2024
HomeInternationalമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി

മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് സാധ്യതയില്ലെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ജര്‍മനിയിലെ ഹംബര്‍ഗില്‍ ജി-20 ഉച്ചകോടിക്കെത്തിയ ഇരുവരും തമ്മില്‍ കണ്ടത്. ഉച്ചകോടിക്കിടെ ബ്രിക്സ് അംഗരാജ്യങ്ങളുടെ യോഗത്തിനെത്തിയ ഇരു നേതാക്കളും അനൌദ്യോഗികമായി സംസാരിച്ചു. പരസ്പരം ഹസ്തദാനംചെയ്ത മോഡിയും ജിന്‍പിങ്ങും കുശലാന്വേഷണം നടത്തി. വൈകിട്ട് സംഗീതപരിപാടിക്കിടെ ഇരുവരും വീണ്ടും സംസാരിച്ചു.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ അനുമോദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. ചൈനയിലെ ഷിയാമെനില്‍ സെപ്തംബറില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ സഹകരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ബ്രിക്സ് യോഗത്തിലും മോഡിയും ജിന്‍പിങ്ങും പരസ്പരം സൌഹാര്‍ദപരമായാണ് സംസാരിച്ചത്. സാമ്പത്തിക-സാമൂഹ്യരംഗത്ത് ഇന്ത്യ വളര്‍ച്ച നേടട്ടെയെന്ന് ജിന്‍പിങ് ആശംസിച്ചു. ഭീകരതയ്ക്കെതിരെ ഒരുമിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആഗോള സാമ്പത്തികഭദ്രതയ്ക്ക് ബ്രിക്സ് രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കൂടിക്കാഴ്ചയില്‍ അഭിപ്രായമുയര്‍ന്നു.

വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കപ്പുറം ഹംബര്‍ഗില്‍ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയുണ്ടാകില്ല. സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ റോഡുനിര്‍മാണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച ഒഴിവാക്കുമെന്ന് വ്യാഴാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തത്. ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ സിക്കിം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് സമയം നല്ലതല്ലെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments