ദിലീപിനെ ഇന്നു കോടതിയിൽ ‘ഹാജരാക്കും’

dileep court

അഭിനേത്രിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഇന്നു കോടതിയിൽ ‘ഹാജരാക്കും’. കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിക്കുന്നത്.

റിമാൻഡ് കാലാവധി ഇന്നു തീരുന്നതിനാൽ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണു കോടതി വിഡിയോ കോൺഫറൻസിങ് അനുവദിച്ചത്. ശനിയാഴ്ച ജയിൽ സന്ദർശിച്ച കന്യാസ്ത്രീ ദിലീപിനു കൗൺസലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ പറഞ്ഞു. ജയിലിൽ കൗൺസലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളിൽ സന്നദ്ധപ്രവർത്തകരെത്തി പ്രാർഥന നടത്താറുണ്ട്. ദിലീപ് റിമാൻഡിലായ ശേഷം സന്ദർശകർക്കു കർശന നിയന്ത്രണമുള്ളതിനാൽ ഇവരെയും അകത്തു കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാർഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാർഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാർക്കു പുറത്തു വരാന്തയിൽ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലിൽ നിന്നു പുറത്തിറങ്ങിയിരുന്നില്ല.

ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്നറിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ഡോക്ടർമാർ.  ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോർട്ട് ചെയ്തു. രക്തസമ്മർദം സാധാരണ നിലയിലാണ്. ഡോ. നിജി വർഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്. പ്രതിക്കു ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു ‘വൈറ്റമിൻ ഇ’ അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലിൽ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതർ സൂചിപ്പിച്ചു.