വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍

മോഹൻലാലിനെതിരെ മോശമായ പ്രചാരണം

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം തനിക്കുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുഖ്യാതിഥിയായല്ല,സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നത്. കാലത്തിന്റെ തിരശ്ശീല വീഴുംവരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സര്‍ക്കാറിനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് ഇടപെടുന്ന സര്‍ക്കാറാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാസ്‌കാരിക മേഖലയിലെ പല പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരുന്നതിലൂടെ പുരസ്‌കാര ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്നും ചടങ്ങ് കച്ചവടവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നുമെന്നുമായിരുന്നു പ്രധാന വിമര്‍ശനം. യുവനടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയിലെ നിലവിലെ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.