ലൈംഗികാരോപണം നേരിടുന്ന പികെ ശശി കുറ്റക്കാരനെങ്കിൽ വെറുതെ വിടില്ല : എം എം മണി

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പരാതിക്കാരി ഇതുവരെ പോലീസിനെ സമീപിച്ചിട്ടും ഇല്ല. പികെ ശശിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് സിപിഎം പറയുന്നത്.അന്വേഷണത്തില്‍ പികെ ശശി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വെറുതേ വിടില്ലെന്നാണ് മന്ത്രി എംഎം മണി വ്യക്തമാക്കുന്നത്. കുറ്റക്കാരനെങ്കില്‍ പാര്‍ട്ടി വെറുതേവിടില്ലെന്നാണ് മണി ഇടുക്കിയില്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ വനിത നേതാവാണ് പികെ ശശിക്കെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. പരാതി കിട്ടിയ കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിക്ക് പോലീസിന് സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഇപ്പോള്‍ എംഎം മണി പറയുന്നത്. പികെ ശശിയ്‌ക്കെതിരെയുള്ള പരാതിയില്‍ നടപടി വൈകാന്‍ കാരണം കേരളത്തിലെ പ്രളയം ആയിരുന്നു എന്നാണ് നിയമമന്ത്രി കൂടിയായ എകെ ബാലന്‍ നേരത്തെ പ്രതികരിച്ചത്. മൂന്നാഴ്ച മുമ്ബായിരുന്നു യുവതി പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. മുൻപ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി ശശിയ്‌ക്കെതിരേയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ആദ്യം പാര്‍ട്ടി ഇത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പി ശശി സിപിഎമ്മില്‍ തിരിച്ചെത്തുകയും ചെയ്തു.