തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ – അന്വേഷണച്ചുമതല കോട്ടയം വിജിലന്‍സ് എസ്പിക്ക്

thomas chandy

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല.

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.മന്ത്രിക്കെതിരായ കേസ് അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മ്മിച്ചതിലൂടെ 65 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

കുട്ടനാട്, അമ്പലപ്പുഴ താലുക്കുകളില്‍ കായല്‍, പാടശേഖര കയ്യേറ്റങ്ങളെക്കുറിച്ചുള്ള പരാതിയിന്‍മേലാണ് കോടതി നടപടി ഉണ്ടായത്. പരാതിയില്‍ നിലവില്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ത്വരിത പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളുകയായിരുന്നു.