ഉത്തേജക മരുന്ന് ഉപയോഗം;യൂസഫ് പഠാന് വിലക്ക്

yousaf pathan

ഉത്തേജക മരുന്ന് ഉപോയഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ യൂസഫ് പഠാന് ബിസിസിഐ വിലക്കേർപ്പെടുത്തി. അഞ്ചു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. 2017 ആഗസ്റ്റ് 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക് നിലവിൽ വന്നിട്ടുള്ളതിനാൽ ഈമാസം 14നു അർധ രാത്രിയോടെ വിലക്കിന്‍റെ കാലാവധി പൂർത്തിയാകും. അതിനാൽ പഠാന് ഐപിഎല്ലിൽ കളിക്കുന്നതിനു തടസമുണ്ടാകില്ലെന്നാണ് സൂചന. 2017 മാർച്ച് 16നു ഒരു ആഭ്യന്തര ടി-ട്വന്‍റി മത്സരത്തിനിടെ പഠാനിൽ നിന്നും ശേഖരിച്ച മൂത്രസാമ്പിൾ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ടെർബ്യൂട്ടാലിൻ എന്ന മരുന്നിന്‍റെ അംശമാണ് കണ്ടെത്തിയത്. ഇതു സാധാരണയായി ചുമയ്ക്കുള്ള മരുന്നുകളിൽ കാണുന്നതാണെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, കളിയിൽ കൂടുതൽ ഊർജം കിട്ടാനായല്ല ഈ ഇഞ്ചക്ഷൻ എടുത്തതെന്നും ശ്വാസനാളിയിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഈ മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്‍റെ വിശദീകരണം ബിസിസിഐ അംഗീകരിച്ചിരുന്നു. എന്നാല്‍ പഠാനോ ഡോക്റ്ററോ ഈ മരുന്ന് കഴിക്കാന്‍ അനുവാദം തേടിയിരുന്നില്ല. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ടെര്‍ബ്യൂട്ടാലിൻ എന്നും ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു.