റാന്നിയിൽ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

fire

റാന്നിയിൽ ഒറ്റയ്ക്കു വീട്ടിൽ കഴിഞ്ഞ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ. ചെറുകുളഞ്ഞി മൂഴിപ്പെരുമേത്ത് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മയാണ് (തങ്കമ്മ–93) മരിച്ചത്.ചെറുമകനൊപ്പമാണ് ചിന്നമ്മ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ചെറുമകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല. വൈദ്യുതി മുടങ്ങിയ സമയത്ത് മണ്ണെണ്ണ വിളക്കു കത്തിച്ചു കുളിമുറിയിൽ കയറിയപ്പോൾ തെന്നിവീണ് മണ്ണെണ്ണ ദേഹത്തു വീണു തീപിടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ സമീപത്തു താമസിക്കുന്ന മരുമകൾ കാപ്പിയുമായെത്തിയപ്പോഴാണ് ചിന്നമ്മ വീണു കിടക്കുന്നതു കണ്ടത്. സിഐ എസ്. ന്യൂമാന്റെ നേതൃത്വത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിദഗ്ധരും തെളിവെടുപ്പു നടത്തി. സംസ്കാരം ഇന്നു 12ന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിൽ. മക്കൾ: രാജൻ, ഷാജി, ഓമന, വൽസ, പരേതനായ ജോസ്. മരുമക്കൾ: ലിസി, ബിന്ദു, പരേതരായ ജയ്നമ്മ, രാജു.