ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍ അംബേദ്കറുടെ പ്രതിമയിലും യു.പി സര്‍ക്കാര്‍ കാവി പൂശി

ambedhkar kavi

ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍ അംബേദ്കറുടെ പ്രതിമയിലും യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ കാവി പൂശി. ബയുണ്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കാവിയടിച്ച അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചത്. അംബേദ്കറുടെ പേരിനൊപ്പം റാംജി എന്ന് യു.പി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ കാവിയടിച്ചത്. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തകര്‍ത്തിരുന്നു. പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കെയായിരുന്നു അക്രമം. പ്രതിമ തകര്‍ത്തതിനെതിരെ പ്രദേശവാസികള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് പുതിയ പ്രതിമ സ്ഥാപിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച പുതിയ പ്രതിമ കൊണ്ടുവന്നപ്പോഴാണ് കാവി പെയ്ന്റ് അടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകള്‍ക്ക് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും പാര്‍ക്കുകള്‍, ബസുകള്‍ തുടങ്ങിയവയ്ക്കും യോഗി സര്‍ക്കാര്‍ കാവി പെയ്ന്റ് അടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അംബേദ്കര്‍ പ്രതിമയ്ക്കും കാവി പെയ്ന്റ് അടിച്ചത്. എല്ലായിടത്തും കാവി പെയ്ന്റ് അടിക്കുന്ന യോഗി സര്‍ക്കാര്‍ നിറത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ് കുറ്റപ്പെടുത്തി.