ഫ്ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും വാങ്ങി വാള്‍മാര്‍ട്ട്

flipkart

ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് വിറ്റു. ഏകദേശം 1600 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. ഇതാദ്യമായാണ് ഇത്രയും ഭീമമായ തുകയ്ക്ക് ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നത്.ജപ്പാനിലെ സോഫ്റ്റ് ബാങ്കായിരുന്നു നിലവില്‍ ഫ്ളിപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ പങ്കാളി. അവരുടെ ഓഹരികള്‍ മുഴുവനും വാള്‍മാര്‍ട്ടിനു കൈമാറിയിട്ടുണ്ട്.ആമസോണിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാള്‍മാര്‍ട്ടിന്റെ പുതിയ നീക്കം. ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ സജീവമാവാനും യു.എസില്‍ ആമസോണിനെ നേരിടാനും വാള്‍മാര്‍ട്ടിനാവും.സോഫ്റ്റ് ബാങ്കിനു പുറമെ, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും. ആമസോണില്‍ നിന്ന് രാജിവച്ച് ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഓഹരികള്‍ വിറ്റതോടെ കമ്പനി ഉടമസ്ഥതയില്‍ നിന്നു പുറത്തായി.ഓണ്‍ലൈന്‍ വിപണിയില്‍ ഏറെ സാധ്യതയുള്ള ഇന്ത്യ തന്നെയാണ് വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയെന്ന വിപണി എന്നും വാള്‍മാര്‍ട്ടിന്റെ ലക്ഷ്യമായിരുന്നു. നേരത്തെ, ഭാരതി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ വാള്‍മാര്‍ട്ട് ശ്രമിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു.