ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ; മൊഴിയെടുപ്പ് പൂര്‍ത്തിയായി

Madhu

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ മൊഴിയും രേഖപ്പെടുത്തിയതോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ മധുവിനെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 27ന് മധുവിന്റെ സഹോദരി ചന്ദ്രികയുടെ ഭര്‍ത്താവ് മുരുകന്റെയും മധുവിനെ പരിശോധിച്ച അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ലീമ ഫ്രാന്‍സിസിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജാണ് അന്വേഷണം നടത്തുന്നത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. എഫ്.ഐ.ആര്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മൃതദേഹ പരിശോധന റിപ്പോര്‍ട്ട് എന്നിവ കൂടി പരിശോധിച്ച ശേഷം അടുത്ത ആഴ്ച അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. കേസില്‍ പോലീസ് അന്വേഷണം അഗളി ഡിവൈ.എസ്.പി: ടി.കെ. സുബ്രമണ്യന്റെ നേതൃത്വത്തില്‍ നേരത്തെ പൂര്‍ത്തിയാക്കുകയും കുറ്റപത്രം മണ്ണാര്‍ക്കാട് എസ്.സി.,എസ്.ടി. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.