ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു

baloon

ആഘോഷച്ചടങ്ങിനായി സജ്ജീകരിച്ച ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു. ചണ്ഡിഗഡ് ഗുരുദ്വാരയ്ക്ക് സമീപം സെക്ടര്‍ 34 ലായിരുന്നു സംഭവം. അലെന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിന്റെ ഭാഗമായാണ് ബലൂണുകള്‍ ഉയര്‍ത്തിയത്. വാതകം നിറച്ച ബലൂണുകള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയതായിരുന്നു. എന്നാല്‍ വായുവില്‍ ഉയര്‍ന്ന ബലൂണ്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് താഴേക്ക് പതിച്ചു. ഇതോടെ താഴെ കൂടിനിന്നവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു,. പൊള്ളലേറ്റവരെ ഉടന്‍ സമീപത്തെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയരാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പൂര്‍വ വിദ്യാര്‍ത്ഥികളാണ് പരിക്കേറ്റവരിലേറെയും. കൈക്കും മുഖത്തും കഴുത്തിലുമെല്ലാമാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. വാര്‍ഷികാഘോഷച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്.