ഗോരഖ്പുർ ശിശുമരണം തുടർക്കഥയാകുന്നു ; മരണം 16

children death'

ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരിച്ചത്. മസ്തിഷ്കജ്വരം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ചതിൽ അഞ്ച് കുട്ടികൾ ബിഹാർ സ്വദേശികളാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ ഓക്സിജൻ ലഭിക്കാതെ ബിആർഡിയിൽ 63 കുട്ടികൾ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി പ്രിൻസിപ്പലിനെതിരെയും ഓക്സിജൻ വിതരണം ചെയ്ത കന്പനി ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

ഈ വർഷം ജനുവരി മുതൽ 1,470 കുട്ടികളെയാണ് ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 310 കുട്ടികൾ മരിച്ചതായും ഡോക്ടർമാർ അറിയിച്ചു. മസ്തിഷ്കജ്വരത്തെ തുടർന്നാണ് ഭൂരിഭാഗം കുട്ടികളും മരിച്ചത്.