തങ്ങൾ നേരിട്ട  ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന ‘മീറ്റൂ’ വിനെതിരെ ബിജെപി നേതാവ്

me too campain

തങ്ങൾ നേരിട്ട  ലൈംഗിക അതിക്രമങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന ‘മീറ്റൂ’ ക്യാംപെയിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രംഗത്തെത്തി. ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കവേയാണ് നോർത്ത്–വെസ്റ്റ് ഡൽഹി എംപിയായ ഉദിത് രാജ് മീറ്റുവിനെ വിമർശിച്ചത്. മീറ്റൂ ക്യാംപെയിൻ ആവശ്യമാണ്. എന്നാൽ പത്തു വർഷത്തിനുശേഷം ഒരാൾക്കെതിരെ ലൈംഗിക അതിക്രമത്തിന്‍റെ പേരിൽ കുറ്റപ്പെടുത്തുന്നതിന്‍റെ അർഥമെന്താണ്? വർഷങ്ങൾക്കുമുമ്പു നടന്ന സംഭവങ്ങളിലെ സത്യം കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ആരോപണ വിധേയനായ വ്യക്തിയുടെ പ്രതിഛായ തകർക്കാനേ ഇതുവഴി കഴിയൂ എന്നും അഭിപ്രായപ്പെട്ടു ട്വിറ്ററിലൂടെയാണ് ഉദിത് രാജ് മീറ്റുവിനെതിരേ ആദ്യം രംഗത്തെത്തിയത്. ഉദിതിന്‍റെ ട്വീറ്റ് ചർച്ചയായതോടെ, വിശദീകരണം തേടിയെത്തിയ മാധ്യമ പ്രവർത്തകർക്കു നൽകിയ മറുപടിയാണ് വിവാദത്തിനു തിരികൊളുത്തിയത്. ‘രണ്ടോ നാലോ ലക്ഷം തട്ടിയെടുക്കാൻ പുരുഷന്മാർക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതു സ്ത്രീകളുടെ പതിവാണ്. പിന്നീട് അടുത്ത ആളെ പിടിക്കും. പുരുഷന്മാരുടെ സ്വഭാവത്തിൽ ഇതൊക്കെയുള്ളതാണ്. എന്നാൽ സ്ത്രീകളെല്ലാം പതിവ്രതകളാണോ? അവർ ഒന്നും ദുരുപയോഗപ്പെടുത്തുന്നില്ലേ? ഒരു പുരുഷന്‍റെ ജീവിതമാണ് ഇത്തരം ആരോപണങ്ങളിൽ നശിക്കുന്നതെന്നും ഉദിത് പറഞ്ഞു.