Tuesday, April 23, 2024
HomeInternationalഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വത്തിക്കാന്‍ നിരീക്ഷിക്കുന്നു

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വത്തിക്കാന്‍ നിരീക്ഷിക്കുന്നു

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് നിരീക്ഷിച്ചു വരികയാണെന്ന് വത്തിക്കാന്‍ ഇന്ത്യയിലെ കര്‍ദിനാള്‍മാരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങള്‍ വത്തിക്കാനെ ധരിപ്പിച്ചുവെന്നും കര്‍ദിനാള്‍മാര്‍ പ്രതികരിച്ചു. ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍മാര്‍ പറഞ്ഞു. വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് മാര്‍പാപ്പയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ അടക്കമുള്ളവരായിട്ടായിരുന്നു കൂടിക്കാഴ്ച. മുൻപും കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അടക്കമുള്ളവര്‍ കേസ് വിവരം മുതിര്‍ന്ന വത്തിക്കാന്‍ അംഗങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് അറസ്റ്റിലായതിന് ശേഷം ഇത് ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയുന്നതിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു.നിലവില്‍ പാലാ സബ് ജയിലിലാണ് ഫ്രാങ്കോ മുളയ്ക്കലിലുള്ളത്. സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments