ഹൈദരബാദിന്റെ പേര് ഭാഗ്യനഗറെന്നാക്കും;തങ്ങളുടേത് അല്ലാത്തതെല്ലാം മായിച്ചു കളയുവാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തലസ്ഥാന നഗരിയായ ഹൈദരബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ഗോഷാമഹല്‍ മണ്ഡലത്തിലെ എംഎല്‍എയായ രാജ സിംഗ്.

ഹൈദരാബാദിന്റെ മാത്രമല്ല, സെക്കന്ദരാബാദിന്റെയും കരീംനഗറിന്റെയും കൂടെ പേരുകള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും 1590ല്‍ ഖുലി കുത്തബ് ഷാ എത്തിയതോടെയാണ് ഭാഗ്യനഗര്‍ ഹൈദരാബാദ് ആയതെന്നും എംഎല്‍എ പറഞ്ഞു.

ആ സമയത്ത് ഒരുപാട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഒരുപാട് ഹിന്ദുക്കളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരിക എന്നുള്ളതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. രണ്ടാമതായി ഹൈദരാബാദിന്റെ പേര് മാറ്റുക എന്നുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നുമാണ് യോദി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്. ഇതിന് പിന്നാലെ ഗുജറാത്തില്‍ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കാന്‍ ആലോചിക്കുന്നതായി ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചരിത്രത്തില്‍ നിന്ന് തങ്ങളുടേത് അല്ലാത്തതെല്ലാം മായിച്ചു കളയുകയും പുതിയ ചരിത്രമുണ്ടാക്കുകയും ചെയ്യുകയാണ് അടുത്തിടെ രാജ്യത്ത് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. കോണ്‍ഗ്രസുകാരനായ പട്ടേലിന്റെ പ്രതിമയുണ്ടാക്കുന്നതും ശിപായി ലഹളയ്ക്ക് പകരം പൈക പ്രക്ഷോഭം ആദ്യത്തെ സ്വാതന്ത്ര്യ സമരമെന്ന് ചരിത്ര പുസ്തകങ്ങള്‍ തിരുത്തി എഴുതുന്നതും പുരാതന നഗരങ്ങളുടെ അടക്കം പുനര്‍ നാമകരണം നടത്തുന്നതുമെല്ലാം പുതിയ ചരിത്ര നിര്‍മ്മിതി എന്ന അജണ്ടയുടെ ഭാഗമാണെന്ന് വിമർശനം ഉയരുന്നുണ്ട്.

രാജ്യത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തോട് ഏറെ ബന്ധപ്പെട്ട് കിടക്കുന്ന അലഹബാദിനെ അടുത്തിടെയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ പ്രയാഗ് രാജ് എന്ന് പേര് മാറ്റിയത്. പ്രതിപക്ഷമടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പുതിയ പേര് മാറ്റങ്ങളുമായി യോഗി ആദിത്യനാഥ് മുന്നോട്ട് തന്നെയാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ രാജ്യം വീണ്ടും ഉറക്കെ കേള്‍ക്കുന്ന വാക്കുകളാണ് അയോധ്യയും രാമക്ഷേത്രവും. അയോധ്യയുടെ പേരില്‍ അവകാശത്തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് യുപി സര്‍ക്കാര്‍.

ഫൈസാബാദും അയോധ്യയും ചേരുന്നതാണ് ഫൈസാബാദ് ജില്ല. ഫൈസാബാദിന്റെ പേര് അയോധ്യയാക്കണം എന്ന് വിഎച്ച്പിയും ബിജെപി നേതാവ് വിനയ് കട്ട്യാറും അടക്കം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പേര് മാറ്റം. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായ അയോധ്യ ശ്രീരാമന്റെ പേരിലാണ് അറിയപ്പെടേണ്ടത് എന്ന് പേര് മാറ്റം പ്രഖ്യാപിച്ച് കൊണ്ട് യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയോട് അനീതി കാട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വഴിയെ തന്നെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തും. ലോക പൈതൃക പദവിയുളള ഇന്ത്യയിലെ ഒരേ ഒരു നഗരമായ അഹമ്മദാബാദിനെ കര്‍ണാവതിയാക്കാൻ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാനാണ്. നിയമ തടസ്സങ്ങളില്ലെങ്കില്‍ കൃത്യമായ സമയമെത്തുന്ന ഘട്ടത്തില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. രാജ്യത്ത് ഹിന്ദുന്ദ്വ അടയാളങ്ങള്‍ പതിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. ഹിന്ദു വോട്ട് ബാങ്കാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.