കെ. ആര്‍. നാരായണന്‍ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ മഹാന്‍: കെ.എം. മാണി

K M Mani

പാലാ: പ്രതിസന്ധികളെയും പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് കീഴടക്കി ലോകത്തിനു മാതൃകയായ മഹാനായിരന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെന്ന് കെ.എം.മാണി എം.എല്‍.എ. പറഞ്ഞു. കെ. ആര്‍. നാരായണന്റെ ജീവിതം തലമുറകള്‍ക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.ആര്‍.നാരായണന്റെ ജീവിതമുഹൂര്‍ത്തങ്ങളിലെ അപൂര്‍വ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്റററി സ്‌കൂളില്‍ സംംഘടിപ്പിച്ച അതിജീവനത്തിന്റെ കാല്‍പാടുകള്‍ എന്ന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ആര്‍. നാരായണന്റെ ചരിത്രം വരുംതലമുറകള്‍ക്കു പകര്‍ന്നു നല്‍കാന്‍ നമുക്ക് കടമയുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളാണ് കെ. ആര്‍. നാരായണന്‍ പകര്‍ത്തു നല്‍കിയത്. പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ആലങ്കാരിക ഭരണത്തലവനായി നിശ്ശബ്ദനായിരിക്കാന്‍ വിസമ്മതിച്ച കെ. ആര്‍. നാരായണന്റെ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും കെ.എം.മാണി ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.റാണി ഞാവള്ളി, ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേ പറമ്പില്‍, പി.ടി.എ. പ്രസിഡന്റ് സെബി പറമുണ്ട, അധ്യാപകരായ ലൈസമ്മ തോമസ്, ജോസഫ് വിശാഖ്, ജെസി എബ്രാഹം, വിദ്യാര്‍ത്ഥി ലിയ മരിയാ ജോസ് എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ തയ്യാറാക്കിയ കെ.ആര്‍. നാരായണന്റെ ജീവചരിത്ര ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറിക്കു വേണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസില്‍ നിന്നും പ്രിന്‍സിപ്പല്‍ സി. റാണി ഞാവള്ളി ഏറ്റുവാങ്ങി.