ശബരിമല തീര്‍ഥാടനം : തിരിച്ചറിയല്‍ കാര്‍ഡും വാഹന പാസും കര്‍ശനമാക്കി

sabarimala ploice

ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് വാഹന പാസ് ഏര്‍പ്പെടുത്തും. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം ശബരിമലയിലേക്ക് യാത്ര പുറപ്പെടേണ്ടത്. പാസ് കാണത്തക്കവിധം മുന്‍ ഗ്ലാസില്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കേണ്ടതും അവിടെ നിന്നും നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റേണ്ടതുമാണ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.