“എന്നെ കുടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രമുഖര്‍” : ദിലീപ്

dileep vip

“എന്നെ കുടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സിനിമ വ്യയസായത്തിലെ പ്രമുഖര്‍” നടന്‍ ദിലീപ് ആരോപിക്കുന്നു. സമൂഹത്തില്‍ വളരെ പ്രബലരായ ആള്‍ക്കാരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഈ ആവശ്യത്തിനായി സമൂഹത്തിലെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്താൻ ഇവര്‍ക്കു കഴിഞ്ഞു . കേസില്‍ തന്നെ കുടുക്കാന്‍ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളേയും പൊലീസിനേയും സ്വാധീനം ചെലുത്താന്‍ ഇവർക്ക്‌ കഴിഞ്ഞുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രമുഖ അഭിഭാഷകനായ രാമന്‍ പിള്ള മുഖേനയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് താന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.അത് ഇനിയും തുടരും. പള്‍സര്‍ സുനിയുമായി തനിക്ക് യാതോരു തരത്തിലുള്ള ബന്ധവുമില്ല. ബ്ലാക്ക്‌മെയില്‍ ചെയ്ത് തന്റെ കയ്യില്‍ നിന്ന് പണം തട്ടാനായിരുന്നു സുനിയുടെ ശ്രമമെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. താന്‍ ജയിലിലായത് കാരണം നാലോളം സിനിമകള്‍ മുടങ്ങി കിടക്കുകയാണെന്നും ഇത് സിനിമ മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ഉണ്ട്. 50 കോടിയോളം രൂപയുടെ പ്രതിസന്ധി സിനിമ മേഖലയില്‍ ഈ കേസ് മൂലം ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. കേസില്‍ ദിലീപ് രണ്ടാമത്തെ പ്രാവശ്യമാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ നടന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.