പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അൽഫോൻസ് കണ്ണന്താനം

kannathanam blak

പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നൽകുകയാണു മോദി സർക്കാരിന്‍റെ ലക്ഷ്യമെന്നും പുതിയ ടൂറിസം, ഐടി, ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രിയായ കണ്ണന്താനം വ്യക്തമാക്കി.

ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേര്‍ന്നുവെന്നു ചിലർ ചോദിക്കുന്നുണ്ട്. ഒരു നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണു മോദി ചെയ്യുന്നതെന്നാണ് അവർക്കുള്ള ഉത്തരം. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രർക്കു വേണ്ടിയാണു ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന കേരളത്തിന്‍റെ പദവി വീണ്ടെടുക്കാൻ അൽഫോൻസ് കണ്ണന്താനത്തിനു കഴിയുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ളതാണ് കേരളം. എന്നാൽ ടൂറിസ്റ്റുകൾ കേരളത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്. മദ്യക്കച്ചവടത്തിൽനിന്നും ലോട്ടറിക്കച്ചവടത്തിൽ നിന്നുമുള്ള വരുമാനമാണു കേരളത്തെ ഇന്നു നിലനിർത്തുന്നത്. മറ്റുവരുമാനമില്ലാതെ കേരളം നട്ടം തിരിയുകയാണ്.

കേരളത്തിന്‍റെ പൊതുകടം 1,42,000 കോടി രൂപയായി ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലുള്ള അനന്തസാധ്യത കേരളത്തിനു പ്രതീക്ഷ നൽകുന്നതാണ്. മാറ്റത്തിന്‍റെ ചാലക ശക്തിയായി മാറാൻ അൽഫോൻസ് കണ്ണന്താനത്തിനു കഴിയുമെന്നും കുമ്മനം പറഞ്ഞു.