സുരക്ഷാ സന്നാഹങ്ങളുടെ ഇടയിൽ എം എൽ എയുടെ പോക്കറ്റടിച്ചു

pickpocket

സര്‍വ്വ സുരക്ഷാ സന്നാഹങ്ങളുടെയും മധ്യത്തില്‍ വെച്ച് എം എൽ എയുടെ പോക്കറ്റടിച്ചു. സാധാരണക്കാരാണ് എപ്പോഴും പോക്കറ്റടിക്ക് ഇരയാക്കപ്പെടാറ്. ആള്‍ത്തിരക്കിലോ ബസിലോ ഒക്കെ വെച്ചാണ് ഇത് സംഭവിക്കുന്നത്. എന്നാൽ മധ്യപ്രദേശിലെ സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശൈലേന്ദ്ര ജെയ്‌നിനാണ് 15,000 രൂപ നഷ്ടമായത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്ര കുമാറിന് നല്‍കിയ സ്വീകരണത്തിനിടെയാണ് എംഎല്‍എയ്ക്ക് എട്ടിന്റെ പണി കിട്ടിയത്. പണം മാത്രമല്ല, മധ്യപ്രദേശ് വിധാന്‍ സഭ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എടിഎം കാര്‍ഡ് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടു. വിവിഐപികള്‍ ഉള്ള ചടങ്ങായതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ചടങ്ങില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടയ്ക്കാണ് കള്ളന്‍ പണി പറ്റിച്ചത്. പണം നഷ്ടമായാലും സുപ്രധാന രേഖകള്‍ തിരികെ കിട്ടിയാല്‍ മതിയെന്നാണ് എംഎല്‍എ ഇപ്പോള്‍ പറയുന്നത്.ശൈലേന്ദ്ര ജെയ്‌നിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.