കേരളത്തില്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാകില്ല :ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

koorilose

കേരളത്തില്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാകില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ അജന്‍ഡ നടപ്പാകില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അടിച്ചമര്‍ത്തലും അധിനിവേശവും കടന്നുകയറ്റവും എല്ലാരംഗങ്ങളിലും അനുഭവിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തിരുനക്കരയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമന്വയത്തിന്റെ സംസ്‌കാരമാണ് ഭാരതീയര്‍ക്കുള്ളതെങ്കിലും ഇപ്പോള്‍ സംഘട്ടനത്തിന്റെ സംസ്‌കാരമായി മാറ്റിയിരിക്കുകയാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. ഈ പുണ്യഭൂമിയില്‍ മനുഷ്യത്വത്തിന്റെ ശംഖൊലിയാണ് മുഴക്കേണ്ടത്. വര്‍ഗീയവാദികളെ ചെറുക്കാന്‍ കേരളത്തിന് ശക്തിയുണ്ട്. ഹിന്ദുസമൂഹത്തിന്റെ പേരുപറഞ്ഞ് വര്‍ഗീയതയിലേക്ക് ഊന്നല്‍ നല്‍കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദളിതരെ ക്ഷേത്രങ്ങളില്‍ പുജാരിമാരായി നിയമിക്കാന്‍ കേരളത്തിലല്ലാതെ ഏത് സര്‍ക്കാരിന് സാധിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതിപീഡനം നടക്കുമ്പോഴാണ് ഇത്തരം പുരോഗമനകാര്യങ്ങള്‍ ഇവിടെ നടത്തുന്നത്. ആസൂത്രിതമായ കലാപത്തിലൂടെ ഇവിടെ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം ഉണ്ടോയെന്ന് ഭയക്കുന്നു. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് കേരളമാണ് അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരം മതനിരപേക്ഷതയുടേതാണെന്ന് തിരുനക്കര സേട്ടുപള്ളി ഇമാം മുഹമ്മദ് സാദിഖ് മൗലവി പറഞ്ഞു. അതില്‍ തന്നെ കേരളം ലോകത്തിനു മാതൃകയാണ്. നാം അധ്വാനിച്ചെടുത്ത പാരമ്പര്യമാണത്. അതുകൊണ്ട് ഒരു യാത്രകൊണ്ടൊന്നും ഈ മതനിരപേക്ഷ പാരമ്പര്യം അവസാനിക്കില്ല. ജിഹാദിക്കെതിരെയാണ് ബിജെപിയുടെ യാത്ര. അതിന് അവര്‍ പച്ച നിറം കൊടുത്തിട്ടുണ്ട്. ആ അര്‍ഥത്തില്‍ നോക്കിയാല്‍ കേരളം മുഴുവന്‍ പച്ചപ്പാണ്. കേരളത്തിന്റെ സംസ്‌കാരം തന്നെ പച്ചപ്പാണെന്നും ഇമാം പറഞ്ഞു.