Friday, March 29, 2024
HomeKeralaജിഷ്ണു പ്രണോയിയുടെ മരണം ; കോളേജ് അധികൃതരുടെ പീഡനം കാരണം

ജിഷ്ണു പ്രണോയിയുടെ മരണം ; കോളേജ് അധികൃതരുടെ പീഡനം കാരണം

കോപ്പിയടി ആരോപിച്ചുള്ള കോളേജ്  അധികൃതരുടെ പീഡനം കാരണം, തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധം വ്യാപകമാകുന്നു. കോളേജ് മാനേജ്‌മെന്റിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റവെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതശരീരത്തിന്റെ ദൃശ്യങ്ങളില്‍ മുഖത്ത് ചോരപ്പാടുകള്‍ കാണാം.
മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മര്‍ദ്ദനവിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് തിങ്കളാഴ്ച മുതല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, പ്രതിഷേധം മറികടക്കാനുള്ള അധികൃതരുടെ തന്ത്രം മാത്രമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. തിങ്കളാഴ്ച കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചിട്ടുണ്ട്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.
മര്‍ദ്ദനമുറകളിലൂടെയടക്കം വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥാന്റെ മകനും കോളേജിലെ പിആര്‍ഒയുമായ സഞ്ജിത്ത് വിശ്വനാഥാന്‍ ആണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതാദ്യമായല്ല കോളേജില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിന്‍ മാനേജര്‍മാരെ ഉപയോഗിച്ച് പീഢനമുറകള്‍ അഴിച്ചുവിടുന്നുണ്ടെന്നും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.
വ്യാഴാഴ്ച ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകന്‍ മോശമായി പെരുമാറി. എല്ലാവരുടെയും മുന്നില്‍വെച്ചുളള മാനസികപീഡനം, കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫിസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുളള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അധ്യാപകന്‍ മാര്‍ക്ക് ചെയ്തെന്നും ആരോപണമുണ്ട്.
ഡീബാര്‍ ചെയ്തേക്കുമെന്ന ഭയവും മാനെജ്മെന്റിന്റെയും അധ്യാപകരുടെയും അവഹേളനത്തില്‍ മനംനൊന്തുമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വൈകിട്ട് ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെയുണ്ടായിരുന്ന ആരോപണ വിധേയനായ പ്രവീണ്‍ എന്ന അധ്യാപകന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
കൈയിലെ ഞരമ്പ് മുറിച്ചശേഷമാണ് ജിഷ്ണു തൂങ്ങിമരിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള ജിഷ്ണു പ്രണോയ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വൈദ്യുതി ഉപഭോഗം കണക്കാന്‍ പുതിയ മീറ്റര്‍ കണ്ടുപിടിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments