Thursday, March 28, 2024
HomeKeralaകേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ലൈറ്റ് മെട്രോ പദ്ധതി വൈകുന്നു : മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ലൈറ്റ് മെട്രോ പദ്ധതി വൈകുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി വൈകുന്നത് കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ലൈറ്റ് മെട്രോ ഉപേക്ഷിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികസഹായം ഇല്ലാതെ ഇത്രയധികം തുക മുടക്കാൻ കേരളത്തിന് കഴിയില്ല. അനുമതി ലഭിക്കാതെ കേന്ദ്രസഹായവും ലഭിക്കില്ല. അനുമതിക്കായി കേന്ദ്രത്തിനെ സമീപിച്ചിട്ടുണ്ട്.ഭരണപരമായ നടപടി പൂർത്തീകരിക്കാനുള്ള സമയം പദ്ധതി നടപ്പാക്കാൻ ആവശ്യമാണ്. 2015 സെപ്തംബറിൽ അനുമതിക്കായി വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, 2017ലെ ബജറ്റിൽ      കേന്ദ്രം പുതിയ മെട്രോ നയം പ്രഖ്യാപിച്ചു. തുടർന്ന് നവംബർ 23ന് വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ ഡിപിആർ സമർപ്പിച്ചു. ഇതുതന്നെ മാറ്റങ്ങളോടെ ഡിസംബർ എട്ടിന് നൽകി. 18ന് ചേർന്ന കെആർടിഎൽ ബോർഡ് യോഗം ഇക്കാര്യം പരിശോധിച്ചു. വിവിധ വകുപ്പുകളുടെ നയപരമായ തീരുമാനങ്ങളും സാമ്പത്തികബാധ്യതയും ഉൾപ്പെടുന്നതിനാൽ വിശദപരിശോധനയ്ക്കായി ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. പരിശോധനയ്ക്കു ശേഷം അന്തിമ തീരുമാനം എടുക്കും. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പേ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീകാര്യം, ഉള്ളൂർ, പട്ടം, എന്നിവിടങ്ങളിൽ മേൽപ്പാലത്തിനുള്ള ഭരണാനുമതി നൽകി സ്ഥലമെടുപ്പിനുള്ള നീക്കം തുടങ്ങി. കേശവദാസപുരം മുതൽ കഴക്കൂട്ടം വരെയുള്ള പാതയുടെയും കോഴിക്കോട് മാനാഞ്ചിറമുതൽ മീഞ്ചന്ത വരെയുള്ള പാതയുടെയും വികസനത്തിനും ഭരണാനുമതി നൽകി.ശ്രീകാര്യം ജങ്ഷനിലെ മേൽപ്പാലത്തിന്റെ സാമൂഹികാഘാത പഠനത്തിനുള്ള പൊതുതെളിവെടുപ്പ് ശനിയാഴ്ച നടക്കും. ലൈറ്റ് മെട്രോ ഉപേക്ഷിക്കാനല്ല, സംസ്ഥാനത്തിന്റെ താൽപ്പര്യം അനുസരിച്ച് സുതാര്യമായി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments