Saturday, April 20, 2024
HomeKeralaകേന്ദ്ര സർക്കാർ അവരുടെ അജണ്ട സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു - പിണറായി

കേന്ദ്ര സർക്കാർ അവരുടെ അജണ്ട സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു – പിണറായി

കേന്ദ്ര സർക്കാർ ധനകാര്യ കമ്മീഷനെ സാമ്പത്തിക ഏകീകരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലൂടെ കേന്ദ്ര സർക്കാരിന്റെ ആശയപരവും സാമ്പത്തികവുമായ അജണ്ട സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ്‌ ശ്രമം. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിയന്ത്രണത്തിനുള്ള മാർഗരേഖകൾ നൽകുന്നതും ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക്‌ ഗുണകരമായ നയം ഏതെന്ന്‌ തീരുമാനിക്കുന്നതും ധനകാര്യ കമ്മീഷന്റെ കടമയല്ല. അക്കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്‌. ‐ അദ്ദേഹം പറഞ്ഞു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ശുപാർശകളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തോന്നുംപടിയുള്ള മാർഗനിർദേശങ്ങൾക്കപ്പുറം ഭരണഘടനാപരമായ ശാസനക്കനുസരിച്ചാണ്‌ ധനകാര്യ കമ്മീഷൻ പ്രവർത്തിക്കേണ്ടത്‌. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ ധനകാര്യ കമ്മീഷനെ ഭരണഘടനാപരമായ കടമ നിർവഹിക്കാൻ അനുവദിക്കുന്നതല്ല. ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഭരണഘടനാ പരമായ അധികാരങ്ങളുടെ പരിധി ലംഘിക്കാത്ത വിധം പൊളിച്ചെഴുതാൻ നമുക്കൊന്നിച്ച്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടാം. രാജ്യത്തെ ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താനും ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഇത്‌ അത്യന്താപേക്ഷിതമാണ്‌. ‐ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിനിധികളോടായി മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഫെഡറൽ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം സംബന്ധിച്ച ഏതൊരു ചർച്ചയും മുന്നോട്ട്‌ കൊണ്ടു പോകാനാകൂ. സംസ്ഥാന സർക്കാരുകളുടെ പ്രതീക്ഷകൾക്ക്‌ പുതിയ നിർദേശങ്ങൾ എങ്ങനെ തിരിച്ചടിയാകുന്നുവെന്ന്‌ കേന്ദ്ര സർക്കാരിനെയും ധനകാര്യ കമ്മീഷനെയും ധരിപ്പിക്കാൻ യോഗം സഹായകമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments