പഞ്ചായത്തുകളിലെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍ വഴി

internet

പഞ്ചായത്തുകളിലെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ ഉറക്കെ പ്രഖ്യാപിച്ചു . ആലുവ ചൂര്‍ണ്ണിക്കരയില്‍ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന്റെയും ചൂര്‍ണ്ണിക്കര കാര്‍ഷിക കര്‍മ്മ സേനയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഇനി പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ഗതികേട് ഇല്ലാതാകും. ഓഫീസില്‍ ജീവനക്കാരില്ല എന്ന പരാതിക്കും പരിഹാരമുണ്ടാക്കാൻ കഴിയും. എന്തിനേറെ ബില്‍ഡിംഗ് പെര്‍മിറ്റ് മുതല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓൺലൈനിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കും. ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമിരുന്ന് അപേക്ഷ നല്‍കാമെന്ന പ്രത്യേകതയും ഉണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഈ പദ്ധതി നടപ്പിലാക്കിയത് സമ്പൂണ്ണവിജയമായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൂന്നു മാസം മാത്രമാണ് പദ്ധതി നിര്‍വഹണത്തിന് ലഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം 12 മാസം വരെ പദ്ധതി നിര്‍വഹണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായിക്കും. സാധാരണ മൂന്നു മാസം കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡു നിര്‍മാണം പൂര്‍ത്തിയാകാറുള്ളത്. ഇത് എഞ്ചിനീയര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളിലാണ് പദ്ധതികളുടെ ഗുണമേന്മ കുറയുന്നത്. റോഡുകള്‍ക്ക് ഒരു വര്‍ഷത്തെ ആയുസ് മാത്രമേ കാണൂ. പക്ഷേ ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പദ്ധതികളുടെ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് നികുതി പിരിവ് എഴുപത് ശതമാനം പൂര്‍ത്തീകരിക്കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളും പദ്ധതി നിര്‍വഹണവും തനതു ഫണ്ടും തൊണ്ണൂറു ശതമാനത്തിലധികം പൂര്‍ത്തീകരിച്ചു. നികുതി പിരിവിന്റെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഇപ്പോഴുള്ളത്. ഇതു വരെ അന്‍പത്തഞ്ചു ശതമാനത്തിനു മുകളിലേക്ക് ഇതൊന്നും എത്താറില്ലയെന്നും മന്ത്രി ചൂണ്ടിക്കാട്ടി .