ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കൈക്കൂലി ഇടപാട് ഒളിക്യാമറയിൽ പതിഞ്ഞു

bribe

കര്‍ണാടകയിലെ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിന്റെ കൈക്കൂലി ഇടപാട് സംബന്ധിച്ച ഒളിക്യാമറ വീഡിയോ പുറത്ത്. ഖനി കുംഭകോണത്തില്‍ റെഡ്ഡി സഹോദരന്‍മാര്‍ക്ക് വേണ്ടി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അടുത്ത ബന്ധുവിനു 160 കോടി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമം പുറത്തുവിട്ടത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപി ക്യാംപിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ബിജെപി നേതാവ് ശ്രീരാമുലുവിന്റെ കോഴ വാഗ്ദാന വീഡിയോ പുറത്തായത്. കര്‍ണാടകയിലെ ബിജെപി നേതാവായിരുന്ന ജനാര്‍ദന റെഡ്ഢി ഉള്‍പ്പെട്ട ഖനിക്കേസ് ഒത്തുതീര്‍ക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 2010ലെ ബെല്ലാരി ഖനി അഴിമതിയില്‍ ഉള്‍പ്പെട്ട അറസ്റ്റിലായ ജനാര്‍ദ്ദന റെഡ്ഡിയെ രക്ഷിക്കാനായിരുന്നു അന്ന് ശ്രീരാമുലു കോഴ വാഗ്ദാനം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രാദേശിക മാധ്യമം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കോഴ വാഗ്ദാന വീഡിയോ പുറത്തായത് ബിജെപിയെ പ്രതിരോധത്തിലാക്കി. ബദാമിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സിദ്ധാരാമ്മയ്യയ്‌ക്കെതിരെ മത്രസരിക്കുന്ന ശ്രീരാമുലു ബെല്ലാരിയിലെ എംപി കൂടിയാണ്. ഖനി അഴിമതിയില്‍പ്പെട്ട ജനാര്‍ദന റെഡ്ഡി തന്റെ ഗോഡ്ഫാദറാണ് എന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ശ്രീരാമുലു തെരഞ്ഞെടുപ്പിനിറങ്ങിയത്. ശ്രീരാമുലുവിന്റെ കോഴ വാഗ്ദാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദി മറുപടി പറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. അതേസമയം, കര്‍ണാടകയില്‍ പരസ്യപ്രചരണം അവസാനിച്ചു. 4.968 കോടി വോട്ടര്മാരുള്ള കര്‍ണാടകയില്‍ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിക്കാന്‍ ബിജെപിയും ജെഡിഎസും ഇഞ്ചോടിഞ്ച് പൊരുതുകയാണ് എങ്കിലും മൂന്നു പാര്‍ട്ടികളും ഉറച്ച വിജയപ്രതീക്ഷയിലാണ്. മെയ് 15നാണ് വോട്ടെടുപ്പ്.