Friday, April 19, 2024
HomeNationalയേശുവിനെ പിശാചാക്കി, മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും അവഗണിക്കുന്ന പാഠപുസ്തകം, ആര്‍എസ്എസ് സ്ഥാപകനേതാവ് സവര്‍ക്കര്‍ക്ക് അമിതപ്രാധാന്യവും

യേശുവിനെ പിശാചാക്കി, മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും അവഗണിക്കുന്ന പാഠപുസ്തകം, ആര്‍എസ്എസ് സ്ഥാപകനേതാവ് സവര്‍ക്കര്‍ക്ക് അമിതപ്രാധാന്യവും

ഹിന്ദുത്വ അജന്‍ഡയ്ക്ക് മുൻ‌തൂക്കം കൊടുത്ത് രാജസ്ഥാന്‍ സ്കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ വിവാദമായി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെയും അവഗണിക്കുന്ന പുസ്തകങ്ങളില്‍ ആര്‍എസ്എസ് സ്ഥാപകനേതാവ് സവര്‍ക്കര്‍ക്ക് അമിതപ്രാധാന്യം. 10, 11, 12 ക്ളാസുകളിലെ പുസ്തകങ്ങളില്‍ ഏകീകൃത സിവില്‍കോഡ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശനയം, രാഷ്ട്രഭാഷയായ ഹിന്ദി, മോഡിയുടെ പാകിസ്ഥാന്‍ പരാമര്‍ശങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്താംക്ളാസിലെ സാമൂഹ്യപാഠപുസ്തകത്തില്‍ ഗാന്ധിജിയെക്കുറിച്ച് പേരിനുമാത്രം പരാമര്‍ശമുള്ളപ്പോള്‍ നെഹ്റുവിനെ തഴഞ്ഞു. എന്നാല്‍, ഈ പുസ്തകത്തില്‍ കൂടുതല്‍ പേജുകള്‍ നീക്കിവച്ചിട്ടുള്ളത് സവര്‍ക്കര്‍ക്കാണ്. അതേസമയം, എട്ടാംക്ളാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍നിന്ന് ജവാഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. പത്താംക്ളാസിലെ പുസ്തകത്തില്‍ സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും ചുരുങ്ങിയ പരാമര്‍ശങ്ങളാണുള്ളത്.

കോണ്‍ഗ്രസിനെതിരെ രൂക്ഷപരാമര്‍ശങ്ങളാണ് പുസ്തകങ്ങളിലുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നീട്ടണമെന്ന് ആവശ്യപ്പെട്ടെന്ന് പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, പതിനൊന്നാം ക്‌ളാസ്സിലെ രാഷ്ട്രതന്ത്രപുസ്തകത്തില്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞാണെന്നാണ് വിവരണം. അതേസമയം, സവര്‍ക്കര്‍ ധീരദേശാഭിമാനിയും മഹാനായ വിപ്ളവകാരിയുമാണെന്ന് പത്താംക്ളാസിലെ പുസ്തകം പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്യ്രസമരത്തില്‍ സവര്‍ക്കറുടെ പങ്ക് മഹത്തരമാണെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

പുസ്തകത്തില്‍ കൊടുത്ത ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാക്കളുടെ പട്ടികയില്‍ മുകളിലുള്ളത് സ്വാമി ദയാനന്ദസരസ്വതിയാണ്. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, മഹാത്മാഗാന്ധി, സവര്‍ക്കര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, ജവാഹര്‍ലാല്‍ നെഹ്റു, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരാണ് തുടര്‍ന്നുള്ളത്.

രാജ്യത്തെ വിദ്യാഭ്യാസമേഖല ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

യേശുവിനെ പിശാചാക്കി ഗുജറാത്തിലെ പാഠപുസ്തകം

ന്യൂഡല്‍ഹി ന്യൂനപക്ഷധ്വംസനത്തിന് കുപ്രസിദ്ധി നേടിയ ഗുജറാത്തിലെ ഒമ്പതാം ക്ളാസ് പാഠപുസ്തകത്തില്‍ യേശുവിനെ വിശേഷിപ്പിക്കുന്നത് പിശാചായി. ഗുജറാത്ത് സ്റ്റേറ്റ് സ്കൂള്‍ ടെക്സ്റ്റ് ബുക്ക് ബോര്‍ഡ് (ജിഎസ്എസ്ടിബി) പുറത്തിറക്കിയ ഹിന്ദി സെക്കന്‍ഡ് ലാംഗ്വേജ് പുസ്തകത്തിലാണ് യേശു എന്ന വാക്കിനു മുന്നില്‍ പിശാച്, രാക്ഷസന്‍ എന്നൊക്കെ അര്‍ഥം വരുന്ന ഹേവാന്‍ എന്ന വാക്ക് ചേര്‍ത്തത്.

ഇന്ത്യന്‍ സംസ്കാരത്തില്‍ ഗുരുശിഷ്യബന്ധത്തെ കുറിച്ചുള്ള പാഠഭാഗത്തിലാണ് ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന ഭാഗമുള്ളത്. ഇന്ത്യയിലെ ഗുരുശിഷ്യബന്ധം പാവനമാണെന്ന് സ്ഥാപിക്കുന്ന ഭാഗത്ത് ‘എനിക്ക് പിന്നാലെ വരുന്നവര്‍ എന്നേക്കാള്‍ ശ്രേഷ്ഠരാണെന്ന’ ക്രിസ്തുവിന്റെ ഒരു വചനം പരാമര്‍ശിക്കുമ്പോഴാണ് യേശു എന്നതിനു മുമ്പ് ഹേവാന്‍ എന്ന വാക്ക് ചേര്‍ത്തത്.

ഗുജറാത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗത്തെ ഈ അധിക്ഷേപം അങ്ങേയറ്റം പ്രകോപിതരാക്കിയിട്ടുണ്ട്. ഇക്കാര്യം ജിഎസ്എസ്ടിബി ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗുജറാത്തിലെ കാത്തലിക് സഭാ വക്താവ് വിനായക് ജാദവ് പറഞ്ഞു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. യേശുദേവനെ പിശാചായും രാക്ഷസനായും ചിത്രീകരിക്കുന്ന ഭാഗം തിരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ജാദവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments