ദിലീപിന്റെ അറസ്‌റ്റിന്‌ പിന്നിലെ തെളിവുകൾ പുറത്ത്‌വന്നു; 2013 മുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആദ്യം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബന്ധമാണ് നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്ന സൂചന ആദ്യം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ നടിയോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

2013 മുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.2013ലാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരംഭിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എംജി റോഡിലെ ഒരു ഹോട്ടലിൽവച്ചായിരുന്നു ഗൂഢാലോചന.  2013 ല്‍ കേരളത്തിന് പുറത്ത് വെച്ച് ആക്രമണത്തിന്  പള്‍സര്‍ സുനി പദ്ധതിയിട്ടെങ്കിലും അത് പാളുകയായിരുന്നു. അതിന് ശേഷം ഒരു തവണ കൂടി നടിക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നു. അവസാനം നടി ആക്രമിക്കപ്പെടുകയായിരുന്നു.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാദിര്‍ഷായും പൊലീസില്‍ കസ്റ്റഡിയിലാണ്. ഇന്നു തന്നെ ദിലീപിനെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കും.

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും അഞ്ച് തെളിവുകൾ. ആദ്യഘട്ടത്തിൽ സംശയത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ദിലീപിനെ, തെളിവുകൾ യുക്തിഭദ്രമായി കോർത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്. പൾസർ സുനിയെ പരിചയമില്ലെന്ന നിലപാടാണ് പ്രത്യക്ഷത്തിൽ ദിലീപിന് വിനയായതെന്നാണ് അനുമാനം. ദിലീപ് നായകമായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളിൽ‌ പൾസർ സുനിയെത്തിയതിന് വ്യക്തമായ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ദിലീപിന് പൾസർ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള തെളിവുകൾ: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്. ദിലീപുമായി ബന്ധമുള്ളവരുടെ ഫോൺ സംഭാഷണങ്ങൾ പോലീസ് ശേഖരിച്ചത്. ജയിലിൽ പൊലീസ് നിയോഗിച്ചവരോട് പൾസർ സുനി വെളിപ്പെടുത്തിയ വിവരങ്ങളിൽ നിന്ന് ലഭിച്ച തെളിവ്. പൾസർ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ വ്യക്തമായ തെളിവുകൾ. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും.

അതേസമയം  ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടികളോട് എതിർപ്പ് ആദ്യം മുതലേ പ്രകടിപ്പിച്ച ആളാണ് താൻ. പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ്. ഈ വാർത്ത സത്യമാകട്ടെയെന്നാണ് പ്രാർത്ഥന. ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ചലചിത്ര താരമാണെന്ന് വരുന്നത് ലോകത്തിന് മുന്നിൽ മലയാള സിനിമയ്ക്കു അപമാനകരമാണ്. കേരള പോലീസ് കൃത്യമായ തെളിവുകളുടെ പേരിലാണ് അറസ്റ്റ് ചെയ്തെങ്കിൽ അതിനെ അഭിനന്ദിക്കുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്കു നീതി ലഭിക്കേണ്ടത് ആവശ്യമാണെന്നും  ഇത്തരമൊരു ദുരനുഭവം ഇനി ആർക്കും  ഉണ്ടാവാരുതെന്നും അദ്ദേഹം പറഞ്ഞു.