ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

bjp leader's son

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മകന്‍ അറസ്റ്റിലായ ബിജെപി നേതാവിന്റെ ബന്ധു തട്ടിക്കൊണ്ട് പോകല്‍ കേസില്‍ പ്രതി.കേസ് അട്ടിമറിക്കാന്‍ ഇരയ്ക്ക് മേല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചതായും ഭീഷണിപ്പെടുത്തിയതായും ആരോപണം.ഹരിയാനയിലെ മുതിര്‍ന്ന നേതാവും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ സുഭാഷ് ബറലയുടെ കുടുംബത്തിന് നേരെയാണ് വീണ്ടും വിവാദങ്ങളുയര്‍ന്നിരിക്കുന്നത്. സുഭാഷ് ബറലയുടെ ബന്ധു വിക്രം ബറലയാണ് 16 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ 25 വയസ്സുള്ള വിക്രമും അര്‍ദ്ധ സഹോദരന്‍ കുല്‍ദീപ് ബറലയും ചേര്‍ന്ന് ഫത്തഹബാദിലെ ബദായി കേര ഗ്രാമത്തില്‍ വെച്ച് 16 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായാണ് ആരോപണം. എന്നാല്‍ പൊലീസ് കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച എഫ്‌ഐആറിലെ പെണ്‍കുട്ടിയുടെ മൊഴിയില്‍ തട്ടിക്കൊണ്ട് പോകലിനെ പറ്റി പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് മാത്രമേ നിലവിലുള്ളൂ. തട്ടിക്കൊണ്ട് പോകലിനെ സംബന്ധിച്ച് മൊഴി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം ശക്തമാണ്. അതിനാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടുത്തി കേസില്‍ പുനര്‍വാദം നടത്തണമെന്നാണ് ഇരയുടെ രക്ഷിതാക്കളുടെ ആവശ്യം. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.