പ്രളയാനന്തരം മത്സ്യങ്ങളുടെ ശരീരം അഴുകി വൃണമുണ്ടാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിഡ്രോം

പ്രളയം കഴിഞ്ഞതോടെ ഡാമുകളിലും പുഴകളിലുമെല്ലാം മീനുകളുടെ ചാകരയായിരുന്നു. 35 കിലോയിലധികം തൂക്കം വരുന്ന ഭീമന്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടെ പുഴകളിലേക്ക് ഒഴുകിയെത്തി. ഇതില്‍ ആളെക്കൊല്ലി പിരാന മത്സ്യം വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയാളുകളാണ് കൂട്ടത്തോടെയെത്തി പുഴകളില്‍ നിന്നും ഭീമന്‍ മീനുകളുമായി മടങ്ങിയത്. എന്നാല്‍ ഇത്തരം പുഴ മത്സ്യങ്ങളില്‍ ചില രോഗ ബാധ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിന്‍, കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലെ ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ രോഗബാധ കണ്ടെത്തിയതായി കുഫോസ് അധികൃതര്‍ അറിയിച്ചു.മത്സ്യങ്ങളുടെ ശരീരം അഴുകി വൃണമുണ്ടാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ്, സിഡ്രോം എന്ന ഫംഗസ് രോഗബാധയാണ് കണ്ടുവരുന്നത്. പ്രളയത്തെ തുടര്‍ന്ന് ജലാശയങ്ങളിലെ ലവണാംശത്തിലും താപനിലയിലും മാറ്റം വന്നതാണ് രോഗബാധയ്ക്ക് കാരണമായത്.പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അലങ്കാര മത്സ്യങ്ങള്‍ അടക്കമുള്ള മീനുകള്‍ എത്തിയിട്ടുണ്ട്. ഒഴുകിയെത്തിയ വലിയ മത്സ്യങ്ങള്‍ സാധാരണ പുഴ മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം മത്സ്യങ്ങള്‍ പുഴ മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നൊടുക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.