Friday, March 29, 2024
HomeCrimeഒരുകോടി രൂപയുമായി നാലുപേര്‍ പിടിയില്‍

ഒരുകോടി രൂപയുമായി നാലുപേര്‍ പിടിയില്‍

അസാധുവാക്കിയ ആയിരത്തിന്റെ ഒരുകോടി രൂപയുമായി നാലുപേര്‍ പിടിയില്‍. ഫറോക്ക് ചുങ്കം പറവണ്ടിവീട്ടില്‍ ഫിന്‍സിര്‍ (36), താനൂര്‍ കെ പുരം പരവറമ്പത്ത് വീട്ടില്‍ സലാഹുദ്ദീന്‍ (38), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടില്‍ വീട്ടില്‍ ഷിഹാദ് (38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തലപ്പാറയില്‍ തിരൂരങ്ങാടി എസ് ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് നോട്ടുവേട്ട. കോഴിക്കോടുഭാഗത്തുനിന്ന് വരികയായിരുന്ന ആള്‍ട്ടോ കാര്‍ പരിശോധിച്ചപ്പോള്‍ പിന്‍സീറ്റിനടിയില്‍ പെട്ടിയിലാണ് കറന്‍സി സൂക്ഷിച്ചിരുന്നത്. ചെന്നൈയില്‍നിന്നു ചുരുങ്ങിയ തുക നല്‍കി ശേഖരിച്ച കറന്‍സികള്‍ കമീഷന്‍ വ്യവസ്ഥയില്‍ കോട്ടക്കലെത്തിക്കുകയായിരുന്നു സംഘത്തിന്റെ ചുമതലയെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ ലഭിച്ചവിവരം. ഒരുകോടി അസാധുനോട്ടുകള്‍ കോട്ടക്കലില്‍ എത്തിച്ചാല്‍ മൂന്നുലക്ഷം രൂപയാണ് സംഘത്തിന് ലഭിക്കുക. എന്‍ആര്‍ഐ സ്റ്റാറ്റസുള്ളവര്‍ക്ക് അസാധുനോട്ടു മാറാനുള്ള അവസരം മുതലെടുത്താണ് ഇവ ശേഖരിച്ചതെന്ന് പൊലീസ് പറഞ്ഞു. അസാധുനോട്ട് മാറാനുള്ള അവസരം ഈ മാസം 30-ഓടെ അവസാനിക്കും.

പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. ജില്ലാ പൊലീസ് ചീഫ് ദേബേഷ് ബെഹ്റക്ക് നാലുദിവസംമുമ്പേ ലഭിച്ച വിവരമനുസരിച്ച് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ച് വ്യാപക പരിശോധനയിലായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും തിരൂരങ്ങാടി സിഐ വി ബാബുരാജ് പറഞ്ഞു. അഡീഷണല്‍ എസ്ഐ ബി കെ ബാലകൃഷ്ണന്‍, എഎസ്ഐ സത്യനാഥന്‍, സിപിഒമാരായ സി സുബ്രഹ്മണ്യന്‍, കെ സിറാജ് എന്നിവരാണ് അസാധുനോട്ടുകള്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments