പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീൽ നോട്ടിസ്

Ramachandra guha

ഗൗരി ലങ്കേഷ് വധത്തെ ആർഎസ്എസ്സുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയ പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീൽ നോട്ടിസ് അയച്ചു. ബിജെപി കർണാടക ഘടകമാണ് ഗുഹയുടെ പരാമർശത്തിനെതിരെ വക്കീൽ നോട്ടിസ് അയച്ചത്. മൂന്നു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മേലിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നുമാണ് നോട്ടിസിലെ ആവശ്യം.

രാമചന്ദ്ര ഗുഹ വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാൻ കൂട്ടാക്കാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി. ഗുഹയെ മാത്രമല്ല, ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്ന എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് അശ്വന്ത് നാരായണ അറിയിച്ചു. ഇവർക്കെതിരെയെല്ലാം നിയമനടപടി സ്വീകരിക്കുമെന്ന് നാരായണ മുന്നറിയിപ്പു നൽകി.

അതേസമയം, ഇത്തരം നോട്ടിസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യയിൽ, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം കുറിച്ചു. എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.