Friday, March 29, 2024
HomeCrimeസാമൂഹ്യപ്രവര്‍ത്തകയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ

സാമൂഹ്യപ്രവര്‍ത്തകയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ

സാമൂഹ്യ പ്രവര്‍ത്തകയെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ സ്ത്രീയുടെ ഇടതു സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. അതേസമയം സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ മുഴുവന്‍ മറ്റത്തില്‍ നഴ്‌സറിയ്ക്ക് സമീപമുള്ള വീടിന് പിന്നിലായാണ് വിവസ്ത്രയായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വീടിനു പിന്നില്‍ നിന്നു സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.16 മണിയോടെ വീട്ടിലെത്തിയ പ്രതി കൊലയ്ക്ക് ശേഷം എട്ടു മിനിറ്റിനുള്ളില്‍ സ്ഥലംവിട്ടു. 2.24ന് പ്രതി ബൈക്കില്‍ കയറി പോവുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പ്രതി ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി സാമൂഹ്യ പ്രവര്‍ത്തകയായ സെലീനയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ സഹായിച്ച സെലീനയോട് ഗിരോഷിന് വൈരാഗ്യമുണ്ടായിരുന്നു. എന്നാല്‍, അതിനുശേഷം സെലീനയും ഗിരോഷും കണ്ടുമുട്ടുകയും, സൗഹൃദത്തിലാകുകയും ചെയ്തു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

സെലീനയെ വകവരുത്താന്‍ തീരുമാനിച്ചുറപ്പിച്ച് വീട്ടിലെത്തിയ ഗിരോഷ് സെലീനയുടെ തൊണ്ണക്കുഴിയില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായശേഷം വീണ്ടും വീണ്ടും കുത്തി. തുടര്‍ന്ന് ഇടതുസ്തനം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. അതിനുശേഷം ബൈക്കില്‍ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഒരു പ്രാവശ്യം പുറത്തിറങ്ങി രംഗം നിരീക്ഷിക്കുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.

അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്. ബുധനാഴ്ച പുലര്‍ച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊലക്ക് ഉപയോഗിച്ചിരുന്ന കത്തി വനമേഖലയില്‍ എറിഞ്ഞുകളഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. കത്തിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ സെലീനയുടെ ഭര്‍ത്താവ് സിയാദ് കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സെലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വീട് പൂട്ടിയ നിലയിലിലുമായിരുന്നു. മൃതദേഹത്തില്‍ നിന്ന് ഒഴുകിയ രക്തം ചെറിയ രീതിയില്‍ കട്ടപിടിച്ചിട്ടുണ്ട്. മരിച്ച സെലീന കൗണ്‍സിലിംഗ് നടത്തുകയും നിയമ സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നതുമായ യുവതിയായിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപ്പെട്ടിരുന്നു. അടിമാലി കേന്ദ്രീകരിച്ചായിരുന്നു സെലീന പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് കുട്ടികളുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments