നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ- മുരളീധരന്‍

muraleedharan

സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി കെ മുരളീധരന്‍ എംഎല്‍എ. ഞങ്ങള്‍ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല. വിജിലന്‍സോ, ക്രിമിനലോ, സിവിലോ എതായാലും അന്വേഷിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ഏത് അന്വേഷണവും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താമെന്ന് വ്യാമോഹിക്കരുത്. ഈ കേസുകൊണ്ടൊന്നും തളരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ കയ്യിലാണല്ലോ. ഏത് ആയുധവും എടുത്ത് പ്രയോഗിക്കുകയാണ്. എന്നാല്‍ ഒരു മുന്നണിയും സ്ഥിരമായി ഭരിക്കുന്ന സ്റ്റേറ്റല്ല കേരളം എന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.