വിദേശവനിതക്കൊപ്പമുള്ള മന്ത്രി കെ.ടി. ജലീലിന്റെ വ്യാജ അര്‍ധനഗ്നചിത്രം മോര്‍ഫ്‌ ചെയ്ത യുവാവ്‌ പിടിയില്‍

k T Jaleel

വിദേശവനിതക്കൊപ്പമുള്ള മന്ത്രി കെ.ടി. ജലീലിന്റെ വ്യാജഅര്‍ധനഗ്നചിത്രം പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍. മോര്‍ഫ്‌ ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച മലപ്പുറം കുറ്റിപ്പുറം നടുവട്ടം പറമ്പാടന്‍ വീട്ടില്‍ ഷമീറിനെയാണു സൈബര്‍ പോലീസ്‌ പിടികൂടിയത്‌. ഗള്‍ഫില്‍ നിന്നെത്തിയ ഷമീറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ചാണു പിടികൂടിയത്‌. പാസ്‌പോര്‍ട്ട്‌ നമ്പര്‍ ഉപയോഗിച്ച്‌ ഷമീര്‍ സിം കാര്‍ഡ്‌ എടുത്തതാണ്‌ വിനയായത്‌. ഷമീറിനെ കോടതിയില്‍ ഹാജരാക്കി. തന്റെ മോര്‍ഫ്‌ ചെയ്‌ത ചിത്രം വാട്‌സാപ്പ്‌ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുവെന്നു മന്ത്രി ജലീല്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കുനല്‍കിയ പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു. 00971509353660 എന്ന വിദേശ യു.എ.ഇ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ്‌ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു അന്വേഷണത്തില്‍ വ്യക്‌തമായി. മന്ത്രി എന്ന നിലയില്‍ ജലീലിന്റെ നിലപാടുകളിന്മേലുളള ഇഷ്‌ടക്കേടാണു തന്നെ ഇത്തരമൊരു നടപടിക്ക്‌ പ്രേരിപ്പിച്ചതെന്നു ഷമീര്‍ പോലീസിന്‌ മൊഴി നല്‍കി.